പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ധന്‍കര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. മമത നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏകാധിപത്യ ഭരണം സംസ്ഥാനത്ത് നിരന്തരം ക്രമസമാധാന വെല്ലുവിളി ഉണ്ടാക്കുന്നതിനിടയിലാണ് ഗവര്‍ണര്‍ പ്രധാനമന്ത്രിയെ കണ്ടത്.

പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. നരേന്ദ്ര മോദിയുമായി നടന്നത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് ധന്‍കര്‍ പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

നേരത്തെ ബംഗാളിലെ ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ധന്‍കര്‍ കേന്ദ്ര സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി ജി കിഷന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.