ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം; നൂറുകണക്കിന് ടെന്റുകള്‍ കത്തി നശിച്ചു

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം. കുട്ടികളടക്കം നിരവധിപേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. നൂറുകണക്കിന് ടെന്റുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളും മറ്റ് സംവിധാനങ്ങളെല്ലാം പൂര്‍ണമായി കത്തി നശിച്ചതായി ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. തീപിടിത്തമുണ്ടായി നാലുമണിക്കൂറിലേറെയായെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

കോക്‌സ് ബസാര്‍ ജില്ലയിലെ ബാലുഖാലി ക്യാമ്പില്‍ ഉച്ചയോടെയുണ്ടായ തീപിടുത്തം നാല് ബ്ലോക്കുകളിലൂടെ ആളിപ്പടരുകയായിരുന്നുവെന്ന് ആര്‍ആര്‍ആര്‍സി അഡീഷണല്‍ കമ്മീഷണര്‍ മുഹമ്മദ് ഷംസുദ് ഡൗസ പറഞ്ഞു. ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടത്തിനിടയാക്കിയതെന്നും അഭ്യൂഹങ്ങളുണ്ട്. അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ തുടരുകയാണെന്ന് ഐക്യരാഷ്ട്ര അഭയാര്‍ഥി ഏജന്‍സി (യുഎന്‍എച്ച്സിആര്‍) വക്താവ് ലൂയിസ് ഡോനോവന്‍ പറഞ്ഞു.

ക്യാമ്പിലെ 700ലധികം ടെന്റുകള്‍ പൂര്‍ണമായും കത്തിനശിച്ചതായി ക്യാമ്പ് നിവാസികള്‍ വെളിപ്പെടുത്തി. നിരവധി സ്ത്രീകളും കുട്ടികളംു മരിച്ചതായും നിരവധി പേര്‍ക്ക് പൊള്ളലേറ്റതായുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.