![basil](https://thekarmanews.com/wp-content/uploads/2021/06/basil.jpg)
മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. ബേസില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മിന്നല്‍ മുരളി. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ചില പ്രശ്നങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സിനിമയ്ക്കായി പ്രവര്‍ത്തിച്ച കുഞ്ഞേട്ടന് എന്നയാളുടെ വേര്‍പാടിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകന്.
ബേസിലിന്റെ കുറിപ്പ് വായിക്കാം, മിന്നല്‍ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ഛന് കുഞ്ഞേട്ടന് ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു. വയനാട്ടിലെ ഷൂട്ടിങ്ങിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ് ആയി വരികയും പിന്നീട് അസാധ്യമായ നര്‍മ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി.
എന്ത് ടെന്‍ഷന്‍ ഉള്ള ഷൂട്ടിനിടയിലും അച്ഛന് കുഞ്ഞേട്ടന് ആ വഴി പോയാല്‍ ബഹു കോമഡി ആണ്. അത്രക്ക് പോസീറ്റിവിറ്റി ആയിരുന്നു ലൊക്കേഷനില്‍ അദ്ദേഹം പടര്‍ത്തിയിരുന്നത്. അത് കൊണ്ടു തന്നെ മാസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരന്‍ ആയി മാറിയിരുന്നു അദ്ദേഹം.
പട്ടിണിയും ദാരിദ്ര്യവും, ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ, ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ മാത്രം ശ്രമിച്ചിരുന്ന അച്ഛന് കുഞ്ഞേട്ടന്. ഒടുവില്‍ താന്‍ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാന്‍ കഴിയാതെ യാത്രയായതില്‍ ഒരുപാട് വിഷമമുണ്ട്. എങ്കിലും അവസാന നാളുകളില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും, ആ സിനിമയോടൊപ്പം പല നാടുകള്‍ സഞ്ചരിക്കുകയും, പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാന്‍ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതില്‍ ആശ്വസിക്കുന്നു. ആദരാഞ്ജലികള്‍..