മരങ്ങളിൽ നിന്ന് ബ്ലാക്ക് ഫംഗസ് പടരുന്നു; വ്യാജ പ്രചാരണം വിശ്വസിച്ചു കൂട്ടത്തോടെ മരങ്ങൾ മുറിച്ചു മാറ്റി

മഹാരാഷ്ട്രയിലെ നാസിക്കിൽ മരങ്ങളിൽ നിന്നും ബ്ലാക്ക് ഫംഗസ് മനുഷ്യരിലേക്ക് പകരുമെന്ന വ്യാജ പ്രചാരണത്തിൽ വിശ്വസിച്ച് പ്രദേശത്തെ മരങ്ങൾ ജനങ്ങൾ മുറിച്ച് മാറ്റി. ഈർപ്പം കുറഞ്ഞ സ്ഥലത്ത് ഫംഗസ് പടരാൻ കാരണമാകുമെന്നും മരത്തിന്റെ തടിയിൽ കാണപ്പെടുന്ന കറുത്ത നിറത്തിലുള്ള പൂപ്പൽ ബ്ലാക്ക് ഫംഗസ് പടർത്തുവെന്നും ഭയന്നാണ് ജനങ്ങൾ മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരണവുമായി എത്തിയിരുന്നു. ബ്ലാക്ക് ഫംഗസിന് മരങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും നാസിക് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പങ്കജ് ഗാർഗ് ജനങ്ങളോട് ആവശ്യപ്പെട്ടു.

ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്ക് മരങ്ങളുമായി യാതൊരു ബന്ധവുമില്ല. ബ്ലാക്ക് ഫംഗസ് ബാധയേൽക്കാൻ കാരണം ശരീരത്തിലെ പ്രതിരോധശേഷി കുറവുള്ളതിനാലാണ്. രോഗബാധയെ ഭയന്ന് മരങ്ങൾ മുറിക്കുന്നത് ശരിയായ കാര്യമല്ല. പ്രതിരോധശേഷി ഇല്ലാത്തവരിലും, പതിവായി സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവരിലും, പ്രമേഹ രോഗികളിലുമാണ് ബ്ലാക്ക് ഫംഗസ് ബാധ കൂടുതലായി സ്ഥിരീകരിക്കുന്നതെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ വ്യക്തമാക്കി.