പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ച് ബിബിസി റേഡിയോ, വിവാദം

ന്യൂഡല്‍ഹി: ബി.ബി.സി റേഡിയോയിലെ തത്സമയ ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അധിക്ഷേപിച്ച് ശ്രോതാവ്. സംഭവം വിവാദമായതിനു പിന്നാലെ ഈ പരിപാടിയുടെ എപ്പിസോഡ് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ബി.ബി.സി ഏഷ്യന്‍ നെറ്റ്വര്‍ക്കിന്റെ ‘ബിഗ് ഡിബേറ്റ്’ റേഡിയോ ഷോയിലേക്ക് വിളിച്ച ശ്രോതാവാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരബെന്‍ മോദിക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്.

കാര്‍ഷിക പ്രതിഷേധങ്ങളുടെ ഭാഗമായി ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. അതിനിടെയാണ് യു.കെയിലെ റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ച സംഭവം ഉണ്ടായിരിക്കുന്നത്.സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ എതിര്‍ക്കാത്തതിനും അത് സംപ്രേഷണം ചെയ്യാന്‍ അനുവദിച്ചതിനും നിരവധി പേര്‍ റേഡിയോ ഷോ അവതാരകനെയും ബി.ബി.സി റേഡിയോയ്‌ക്കെതിരെയും വിര്‍മശനവുമായി രംഗത്തെത്തി.

യു.കെയിലെ സിഖുകാര്‍ക്കും ഇന്ത്യക്കാര്‍ക്കുമെതിരായ വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുളള ചര്‍ച്ച, മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെപ്പറ്റിയുളള ചര്‍ച്ചയിലേക്ക് ഗതിമാറി. ഇതിനിടെ ഷോയിലേക്ക് വിളിച്ചവരില്‍ ഒരാള്‍ പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരബെന്‍ മോദിക്കെതിരെ നിന്ദ്യമായ വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുകയായിരുന്നു.