ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം മോഷണം ; 8200 രൂപയുടെ ജാപ്പനീസ് വിസ്‌കി കവർന്നു

തിരുവനന്തപുരം: ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്നുമാണ് പ്രതി 8200 രൂപയുടെ ജാപ്പനീസ് വിസ്‌കി കവർന്നത് . കേസിൽ നഗരത്തില്‍ തെരുവുകച്ചവടം നടത്തുന്ന വലിയശാല സ്വദേശി മണികണ്ഠനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ  ദിവസമാണ് ഔട്ട്‌ലെറ്റില്‍നിന്ന് 8200 രൂപയുടെ ജാപ്പനീസ് വിസ്‌കി മോഷണം പോയതായി ജീവനക്കാര്‍ തിരിച്ചറിഞ്ഞത്.

പ്രതിയുടെ പക്കൽ നിന്ന് മോഷ്ടിച്ച മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തു. കടയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിലാണ് ഒരാള്‍ മദ്യക്കുപ്പിയുമായി കടന്നുകളയുന്നത് കാണാനായത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് സംഘം വൈകാതെ തന്നെ മണികണ്ഠനെ പിടികൂടി. ഇതുവരെ 30,000 രൂപയുടെ മദ്യം ഇയാള്‍ മോഷ്ടിച്ചതായാണ് പോലീസ് നല്‍കുന്നവിവരം.

പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് നേരത്തെയും പലതവണകളായി മദ്യക്കുപ്പികള്‍ മോഷ്ടിച്ചതായി യുവാവ് വെളിപ്പെടുത്തിയത്. തിരക്കേറിയ സമയത്ത് ഔട്ട്‌ലെറ്റിലെത്തിയാണ് മോഷണം നടത്തിയിരുന്നത്.