ഭാഗ്യയുടെ ഭാഗ്യം പ്രധാനമന്ത്രി വിരുന്നുകാരൻ

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷ് ​ഗോപിക്ക് ലഭിച്ചത് അത്യപൂർവ്വ ഭാ​ഗ്യം. രാജ്യത്തിന്റെ പ്രധാന സേവകൻ തന്നെ വിവാഹത്തിനെത്തി വധൂവരന്മാർക്ക് വിവാഹ മാല എടുത്ത് നൽകി ആശീർവദിച്ചു. മറ്റാർക്കും ലഭിക്കാത്ത അപൂർവ്വ ഭാ​ഗ്യമാണ് ശ്രേയസിനും സുരേഷ് ​ഗോപിക്കും ലഭിച്ചത്.

മലയാളക്കര ഇന്നേവരെ കണ്ടിട്ടില്ലാത്ത ആ​ഘോഷങ്ങളോടെയാണ് ഭാ​ഗ്യ സുരേഷിന്റെ വിവാഹം നടന്നത്. ​ഗുരുവായൂരപ്പനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വിവാഹം ഭാ​ഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമായിരിക്കും.

​ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലായിരുന്നു ഭാ​ഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. ഭാ​ഗ്യയുടെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തതിന് ശേഷം തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാർക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു. വധുവരന്മാർക്ക് അക്ഷതം നൽകി അനു​ഗ്രഹം നൽകി. കേരളീയ വേഷത്തിലായിരുന്നു പ്രധാനമന്ത്രി ​ഗുരുവായൂരിലെത്തിയത്.

ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയത് വൻ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്.

കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത്. ഗുരുവായൂരിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും മറ്റും സ്വീകരിച്ചു. കനത്ത സുരക്ഷാ സംവിധാനമാണ് ഗുരുവായൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്.സുരേഷ് ഗോപിയുടെ മകളുടെ വിവാഹശേഷം അദ്ദേഹം തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും. രാവിലെ 10.10 ന് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തും. പിന്നീട് 12 മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി ഷിപ്പ്‌യാര്‍ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരയോടെ മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകിട്ടോടെ ദില്ലിക്ക് മടങ്ങും എന്ന നിലയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.