11 ദിവസം അബോധാവസ്ഥയിൽ കിടന്ന ബിച്ചു തിരുമല ജീവിതത്തിലേക്ക് തിരികെയെത്തിയത് സ്വന്തം ​ഗാനത്തിലൂടെ

ചലച്ചിത്രഗാന രചയിതാവ് ബിച്ചു തിരുമലയുടെ വേർപാടിന്റെ നൊമ്പരത്തിലാണ് സിനിമ ​ഗാന പ്രേമികൾ. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).

ഇപ്പോളിതാ ബിച്ചു തിരുമലയുടെ പഴയൊരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീടിന്റെ മുകളിൽ നിന്നും വീണ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത് തന്റെ പാട്ടിലൂടെയായിരുന്നെന്നാണ് ആ അഭിമുഖത്തിൽ പറയുന്നത്. 1994 ലെ ക്രിസ്മസ് സമയത്തായിരുന്നു സംഭവം. നക്ഷത്രം തൂക്കുന്നതിനിടയിൽ വീടിന്റെ സൺഷേഡിൽ നിന്നും വീണ ബിച്ചു തിരുമല ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞിരുന്നു. 11 ദിവസത്തോളം ബോധമില്ലാതെ കഴിഞ്ഞ അദ്ദേഹത്തോട് ഡോക്ടർ എപ്പോഴും ചോദിച്ചിരുന്നത് പാട്ടുകളെക്കുറിച്ചായിരുന്നു. കണ്ണാന്തുമ്പി പോരാമോ എന്ന ഗാനം ആരാണ് എഴുതിയത് എന്ന് ചോദിച്ചപ്പോൾ ഞാനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയാണ് അദ്ദേഹം ബോധം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

മലയാള സിനിമയിലെ മികച്ച നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങൾക്ക് അദ്ദേഹം വരികൾ എഴുതിയിട്ടുണ്ട്. നാനൂറിൽ അധികം സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തിൽ അധികം പാട്ടുകൾ എഴുതി. വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമയുടെ സന്ദർഭത്തിന് ഇണങ്ങിയ ഗാനം രചിക്കുന്നതിൽ പ്രഗത്ഭനായിരുന്നു അദ്ദേഹം.

രണ്ട് വട്ടം മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1981ലും (തൃഷ്ണ, ‘ശ്രുതിയിൽനിന്നുയരും…’, തേനും വയമ്പും ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ), 1991 ലും (കടിഞ്ഞൂൽ കല്യാണം- ‘പുലരി വിരിയും മുമ്പേ…’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…’) പുരസ്‌കാരം ലഭിച്ചു. സുകുമാർ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതിപി ഭാസ്‌കരൻ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അർഹനായി.

1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്‌കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബി ശിവശങ്കരൻ നായർ ജനിച്ചത്. അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം പേര് ബിച്ചു തിരുമല എന്നത് സ്വീകരിച്ചു. ഗായിക സുശീലാ ദേവി, വിജയകുമാർ, ഡോ.ചന്ദ്ര, ശ്യാമ, ദർശൻരാമൻ എന്നിവരാണ് സഹോദരങ്ങൾ.