ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്രഗാന രചയിതാവ് ബിച്ചു തിരുമല(ബി. ശിവശങ്കരന്‍ നായര്‍) അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകന്‍ സുമന്‍ ശങ്കര്‍ ബിച്ചു(സംഗീത സംവിധായകന്‍).

മലയാള സിനിമയിലെ മികച്ച നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങള്‍ക്ക് അദ്ദേഹം വരികള്‍ എഴുതിയിട്ടുണ്ട്. നാനൂറില്‍ അധികം സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തില്‍ അധികം പാട്ടുകള്‍ എഴുതി. വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമയുടെ സന്ദര്‍ഭത്തിന് ഇണങ്ങിയ ഗാനം രചിക്കുന്നതില്‍ പ്രഗത്ഭനായിരുന്നു അദ്ദേഹം.

രണ്ട് വട്ടം മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1981ലും (തൃഷ്ണ, ‘ശ്രുതിയില്‍നിന്നുയരും…’, തേനും വയമ്പും ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ), 1991 ലും (കടിഞ്ഞൂല്‍ കല്യാണം- ‘പുലരി വിരിയും മുമ്പേ…’, ‘മനസില്‍ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…’) പുരസ്‌കാരം ലഭിച്ചു. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതിപി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.

1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്‌കരന്‍ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബി ശിവശങ്കരന്‍ നായര്‍ ജനിച്ചത്. അറിയപ്പെടുന്ന പണ്ഡിതന്‍ കൂടിയായിരുന്ന മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം പേര് ബിച്ചു തിരുമല എന്നത് സ്വീകരിച്ചു. ഗായിക സുശീലാ ദേവി, വിജയകുമാര്‍, ഡോ.ചന്ദ്ര, ശ്യാമ, ദര്‍ശന്‍രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍.