‘ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ, സഹകരിക്കണം’; തക്ക മറുപടി നൽകി ബിഗ് ബോസ് താരം ശാലിനി

തനിക്ക് സമൂഹമാധ്യമത്തിലൂടെ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് ശാലിനി. ബിഗ് ബോസ് സീസണ്‍ നാലില്‍ മത്സരാര്‍ഥിയായി എത്തിയ ശാലിനിക്ക് ആരാധകർ ഏറെയാണ്. ഇന്‍സ്റ്റഗ്രാമിലും ശാലിനി സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം അവര്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന് ശാലിനി നല്‍കിയ മറുപടിയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.

ഏതായാലും ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേയെന്നും സഹകരിക്കണമെന്നും വലിയൊരു തുക നല്‍കാമെന്നും സന്ദേശമയച്ച യുവാവിനാണ് ശാലിനി ശക്തമായ മറുപടി നല്‍കിയത്. ആങ്കറിങ് ആണ് തന്റെ ജോലിയെന്നും തന്റെ ശരീരം വില്‍പനച്ചരക്കല്ലെന്നും ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സഹായിക്കാനാണ് ഉദ്ദേശമെങ്കില്‍ ആങ്കറിങ് ചെയ്യാനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും ശാലിനി കുറിപ്പില്‍ പറയുന്നു. യുവാവിന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

ശാലിനിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

അത്ര സങ്കടം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവതരണം ആണ് എന്റെ പ്രൊഫഷന്‍. നിങ്ങളുടെ വീട്ടിലോ അറിവില്‍ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കില്‍ അവതാരകയായി വിളിക്കൂ,, ഭംഗിയായി പ്രോഗ്രാം ചെയ്യാം. അതില്‍ സംതൃപ്തി തോന്നിയാല്‍ അര്‍ഹിക്കുന്ന പ്രതിഫലം തരൂ അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങള്‍ക്ക് സഹായിക്കാമല്ലോ കഷ്ടപ്പാടിന്റെ വേദനയുള്‍ക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്,,സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത് ????ഇതൊന്നും മൈന്‍ഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടര്‍ അവര്‍ക്ക് അനുകൂലമായി കരുതും,, അച്ഛനും ആങ്ങളയും കുഞ്ഞും ഉള്‍പ്പെടെ ഈ പോസ്റ്റ് കാണുമെന്നറിയാം,, അവര്‍ കാണാതെ അവര്‍ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങള്‍ മറച്ചു വെച്ചിട്ടുണ്ട്. പക്ഷേ ഇനി അറിയണം.. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെണ്‍കുട്ടിയോട് ഇത് പോലെ പെരുമാറില്ല. അത് പോലെ ഒരുപാട് സഹോദരങ്ങള്‍ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങള്‍ക്കുള്ള വില്‍പ്പന ചരക്കല്ല എന്റെ ശരീരം. ഇതില്‍ ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് എന്റെ പ്രിയപ്പെവര്‍ക്ക് വേണ്ടി മാത്രമാണ്.