‘പ്രേക്ഷകര്‍ എന്ത് വിചാരിക്കും എന്നുള്ള ചിന്ത അവസാനിപ്പിക്കുക, എന്ത് സംപ്രേക്ഷണം ചെയ്യണം എന്നത് നിങ്ങളുടെ കൈകളില്ലല്ല’; ആര്‍ ജെ രഘു

ബിഗ് ബോസ് ഹൗസില്‍ എത്തി കഴിഞ്ഞാല്‍ പ്രേക്ഷകര്‍ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് സമയം കളയരുതെന്ന് സീസണ്‍ 3 മത്സരാര്‍ത്ഥികളോട് മുന്‍ ബിഗ് ബോസ് താരം ആര്‍ ജെ രഘു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഘു ഇക്കാര്യം വെളിപ്പെടുത്തിയത്. ബിഗ് ബോസ് ഹൗസില്‍ എത്തി കഴിഞ്ഞാല്‍ പ്രേക്ഷകര്‍ എന്ത് വിചാരിക്കും എന്നതിനെ കുറിച്ച് ഓര്‍മിക്കരുതെന്നാണ് രഘുവിന് സീസണ്‍ 3 ലെ മത്സരാര്‍ഥികളോട് പറയാനുള്ളത്. ഏറെ ടെന്‍ഷനോടെയാണ് താന്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയത്. അന്നത്തെ ടെന്‍ഷന്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഇത് ആദ്യത്തെ മൂന്ന് ദിവസം ഉണ്ടായിരുന്നുവെന്നും പിന്നീട് ചുറ്റുമുള്ള ക്യാമറയെ മറന്ന് കളിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നുവെന്ന് രഘു പറയുന്നു.

പുതിയ മത്സരാര്‍ഥികള്‍ ഒരു കാര്യം ഓര്‍ക്കുക,നിങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന എന്തും കാണിക്കാന്‍ വേണ്ടിയുള്ള ഒരു കാരാറിലാണ് ഒപ്പ് വെച്ചിരിക്കുന്നത്. അതില്‍ എന്ത് സംപ്രേക്ഷണം ചെയ്യണം എന്നത് നിങ്ങളുടെ കൈകളില്ലല്ല. നിങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പ്രേക്ഷകര്‍ എന്ത് വിചാരിക്കും എന്നുള്ള ചിന്ത അവസാനിപ്പിക്കുക. വീട്ടിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജാഗ്രതയേടെ നിരീക്ഷിച്ചതിന് ശേഷം അത് അനുസരിച്ച് കളിക്കുകയാണ് വേണ്ടത്.

എ ജയശങ്കര്‍, ശ്രീജിത്ത് പണിക്കര്‍ എന്നിവരുടെ പേരുകളാണ് രഘു സീസണ്‍ 3 ലേയ്ക്ക് നിര്‍ദ്ദേശിച്ചത്. രാഷ്ട്രീയ നിരീക്ഷകരുടെ പേര് നിര്‍ദ്ദേശിക്കാനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തി. ബിഗ് ബോസ് ഹൗസിനുള്ളില്‍ അധികം രാഷ്ട്രീയ ചര്‍ച്ചകള്‍ കാണുന്നില്ല. എന്നാല്‍ ഇരുവര്‍ക്കും ഷോയിലൂടെ പ്രേക്ഷകര്‍ക്ക് രാഷ്ട്രീയത്തെ കുറിച്ചുള്ള അവബോധം പ്രേക്ഷകരിലേയ്ക്ക് സൃഷ്ടിക്കാന്‍ കഴിയുമെന്ന് തോന്നുന്നു കൂടാതെ അവര്‍ക്ക് കാര്യങ്ങള്‍ യുക്തിപൂര്‍വം വിശകലനം ചെയ്യാനും അഭിപ്രായം പങ്കുവെയ്ക്കാനും സാധിക്കും. അത്തരം ആളുകള്‍ ഷോയെ കൂടുതല്‍ വിജ്ഞാനപരമാക്കുമെന്നും രഘു അഭിമുഖത്തില്‍ പറയുന്നു.