ഗ്രീസിനെ വിഴുങ്ങി കാട്ടുതീ; കത്തയമർന്ന് വീടുകൾ, ചാരമായി വനങ്ങൾ

ആതന്‍സ്: ഗ്രീസില്‍ കാട്ടുതീ പടര്‍ന്നതിന് പിന്നാലെ നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു. ആയിരക്കണക്കിനാളുകളെയാണ് പ്രദേശത്തുനിന്ന് ഒഴിപ്പിച്ചത് . ഗ്രീക്ക് തലസ്ഥാനമായ ആതന്‍സിന് വടക്കുള്ള പട്ടണങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉയര്‍ന്ന താപനിലയും മൂലം തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.

അതെ സമയം തീ കെടുത്താനുള്ള ശ്രമങ്ങള്‍ അഗ്നിരക്ഷാ സേന തുടരുകയാണ്. ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ 20 ഓളം വാട്ടര്‍ ബോംബിങ് വിമാനങ്ങള്‍ ഉപയോഗിച്ച്‌ തീ നിയന്ത്രിക്കാന്‍ ശ്രമം നടത്തുകയാണ് .യുകെ, ഫ്രാന്‍സ്, അമേരിക്കന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അധിക അഗ്‌നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും രാജ്യത്തേക്ക് സുരക്ഷാ ദൗത്യത്തിനായി അയച്ചിട്ടുണ്ട്.

ആതന്‍സ് നഗരത്തിന് സമീപം വ്യാപകമായി പുകയും ചാരവും എത്തിയത് മൂലം ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിയാനും ആവശ്യപ്പെട്ടിരുന്നു. വിവിധ മേഖലകളില്‍ തീപ്പിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആറ് മേഖലകളില്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയില്‍ പെയ്ത കനത്ത മഴ കാട്ടുതീ തുര്‍ക്കിയിലേക്ക് വ്യാപിക്കുന്നത് തടഞ്ഞിട്ടുണ്ട്. യൂറോപ്യന്‍ ഫോറസ്റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അനുസരിച്ച്‌ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 56,655 ഹെക്ടര്‍ പ്രദേശമാണ് ഗ്രീസില്‍ കത്തിയെരിഞ്ഞത് .