ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്. 17 ജില്ലകളിലെ 94 മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് ഇന്ന് പോളിംഗ് ബൂത്തുകളില്‍ എത്തുക. ഉപമുഖ്യമന്ത്രി സുശീല്‍ മോദി, ഗവര്‍ണര്‍ ഫഗു ചൗഹാന്‍, ചിരാഗ് പാസ്വാന്‍ എന്നിവര്‍ രാവിലെത്തന്നെ വോട്ട് ചെയ്തു.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ , ആര്‍ജെഡി നേതാവ് ശക്തിസിംഗ് യാദവ് എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്. നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ഏഴ് മന്ത്രിമാരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു.

എന്‍ഡിഎയില്‍ ജെഡിയു നാല്‍പത്തി മൂന്ന് സീറ്റുകളിലും, ബിജെപി നാല്‍പത്തിയാറ് സീറ്റിലും മത്സരിക്കുന്നു. മഹാസഖ്യത്തില്‍ ആര്‍ജെഡി അന്‍പത്തിയാറ് സീറ്റിലും, കോണ്‍ഗ്രസ് 24, ഇടത് കക്ഷികള്‍ 12 സീറ്റിലും മത്സരിക്കും. 52 സീറ്റുകളിലാണ് എല്‍ജെപി ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. ഒരു ട്രാന്‍സ് ജെന്‍ഡര്‍ ഉള്‍പ്പടെ1463 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ മത്സര രംഗത്തുളളത്. അധികാരം നിലനിര്‍ത്താന്‍ എന്‍ഡിഎയും ഭരണത്തിലേറാന്‍ യുപിഎയും ശക്തമായ പോരാട്ടമായിരിക്കും കാഴ്ചവയ്ക്കുക.

വൈകുന്നേരം ആറ് മണിവരെയാണ് പോളിംഗ്. അതിശക്തമായ സുരക്ഷയാണ് 94 മണ്ഡലങ്ങളിലും ഒരുക്കിയിരിക്കുന്നത്. 41, 362 പോളിംഗ് സ്‌റ്റേഷനുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. മുപ്പതിനായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.