‘പേരിലുള്ള കോടിയേരിയാണ് പ്രശ്നം, അവർ പറഞ്ഞ പേരുകൾ പറഞ്ഞിരുന്നെങ്കിൽ 10 ദിവസം കൊണ്ട് പുറത്തിറങ്ങാമായിരുന്നു’: ബിനീഷ് കോടിയേരി

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം ജയിൽ മോചിതനായി. ബിനീഷ് നാളെ കേരളത്തിലെത്തും. സത്യം ജയിക്കുമെന്ന് ജയിൽ മോചിതനായ ശേഷം ബിനീഷ് പ്രതികരിച്ചു. അവർ പറഞ്ഞ പല കാര്യങ്ങളും താൻ പറഞ്ഞിരുന്നെങ്കിൽ പത്ത് ദിവസം കൊണ്ട് തനിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാമായിരുന്നു. എന്നാൽ അതിന് വഴങ്ങാതിരുന്നതുകൊണ്ടാണ് ഇത്രനാൾ ജയിലിൽ കഴിയേണ്ടി വന്നതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. ബിനീഷ് കോടിയേരി എന്ന പേരിൽ കോടിയേരിയെന്നതാണ് എല്ലാവർക്കും പ്രശ്‌നം. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എല്ലാം കേരളത്തിലെത്തിയ ശേഷം വിശദീകരിക്കാമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

ബംഗളൂരു മയക്കുമരുന്ന് ഇടപാടിലെ കള്ളപ്പണ കേസിൽ 5 ലക്ഷം രൂപയും രണ്ട് ആൾ ജാമ്യമുൾപ്പടെയുള്ള ഉപാധികളോടെയായിരുന്നു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇന്നലെ ബിനീഷ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജാമ്യം നിൽക്കാമെന്നേറ്റവർ അവസാന നിമിഷം പിന്മാറിയതോടെ ഇന്നലെ ഇറങ്ങാൻ സാധിച്ചിരുന്നില്ല.രണ്ട് ജാമ്യക്കാരെ പിന്നീട് എത്തിച്ചെങ്കിലും കോടതി സമയം കഴിഞ്ഞതിനാൽ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. ഒരു വർഷം നീണ്ട ജയിൽവാസത്തിനു ശേഷമാണ് കഴിഞ്ഞ ദിവസം ബിനീഷിന് ഹൈകോടതി ജാമ്യം അനുവദിച്ചത്.