കോടതിയലക്ഷ്യം പേടിക്കേണ്ട, പോലീസ് എന്റെ നിയന്ത്രണത്തിലാണ്: വിവാദ പരാമര്‍ശവുമായി ത്രിപുര മുഖ്യമന്ത്രി

കോടതിക്കെതിരെ വിവാദ പരാമര്‍ശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. കോടതിയലക്ഷ്യം ഭയക്കേണ്ടതില്ലെന്നും അത്തരം കേസുകള്‍ താന്‍ കൈകാര്യം ചെയ്യുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു. അഗര്‍ത്തലയിലെ രബീന്ദ്രഭവനില്‍ ചേര്‍ന്ന ത്രിപുര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ 26ആമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘കോടതിയലക്ഷ്യം ഭയക്കേണ്ടതില്ല. അത്തരം കേസുകള്‍ ഞാന്‍ കൈകാര്യം ചെയ്യും. കോടതിക്ക് ഉത്തരവിടാം. പക്ഷേ, അത് ആരാണ് പാലിക്കുക? പൊലീസ് എന്റെ അധികാരപരിധിയിലാണ്. കോടതിയലക്ഷ്യത്തിനു കാരണമാകുമെന്ന് പറഞ്ഞ് ഒരു പ്രത്യേക ജോലി ചെയ്യാന്‍ കഴിയില്ലെന്ന് നിരവധി ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കോടതി വിധിക്കും. പക്ഷേ, അത് നടപ്പിലാക്കുക പൊലീസാണ്. കാരണം പൊലീസ് എന്റെ നിയന്ത്രണത്തിലാണ്.”- ബിപ്ലബ് ദേബ് പറഞ്ഞു.

അതേസമയം, ത്രിപുരയില്‍ ബിജെപി അധികാരത്തില്‍ വന്നശേഷം 21 സിപിഐഎമ്മുകാര്‍ കൊല്ലപ്പെട്ടുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് അക്രമങ്ങള്‍ നടക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു. തൃപുരയില്‍ സാഹചര്യം ഗുരുതരമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും യെച്ചൂരി പറഞ്ഞു. സ്ത്രീകളെ അടക്കം ബിജെപി ഗുണ്ടകള്‍ ആക്രമിക്കുന്നുണ്ട്. വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് യെച്ചൂരി പറയുന്നു.