സിനിമ കാണാത്ത തന്റെ നാട്ടുകാരടക്കം ഈ തുണ്ട് കണ്ടാല്‍ മറ്റെന്തെങ്കിലും ധരിക്കും;നിയമനടപടിക്കൊരുങ്ങി ബിരിയാണി താരം

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രമാണ് സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി. ചിത്രത്തിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം ലഭിച്ചിരുന്നു.

ഒടിടി റിലീസിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് ചിത്രം എത്തിയപ്പോള്‍ വ്യത്യസ്തമായ അനുഭവമാണ് ബിരിയാണിയുടെ അണിയറ പ്രവര്‍ത്തകര്‍ നേരിടുന്നത്. ചിത്രത്തിലെ ദൃശ്യങ്ങള്‍ അശ്ലീല ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന്‍. ബിരിയാണിയില്‍ കനിയുടെ ഭര്‍ത്താവിന്റെ വേഷമാണ് തോന്നയ്ക്കല്‍ ജയചന്ദ്രന്‍ ചെയ്തത്.

സിനിമയിലെ ചില രംഗങ്ങള്‍ വെട്ടിമാറ്റി പ്രചരിപ്പിക്കുന്നതിന്റെ ദുരവസ്ഥയാണ് നടന്‍ പറയുന്നത്. ബിരിയാണി എന്ന ചിത്രം കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണ് എന്ന് അറിയാം എന്നാല്‍, ഈ ചിത്രം കാണാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരിലേക്കാണ് ഈ രംഗങ്ങള്‍ എത്തിയത്. അതില്‍ തന്റെ നാട്ടുകാരും കുടുംബക്കാരുമുണ്ടെന്നും തോന്നയ്ക്കല്‍ ജയചന്ദ്രന്‍ പറയുന്നു.

ബിരിയാണിയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് ജയചന്ദ്രന്‍ അവതരിപ്പിച്ചത്. എന്നാല‍്, ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും, വാട്ട്‌സ്‌ആപ്പ് വഴിയും പ്രചരിപ്പിച്ചു. നാട്ടിന്‍പുറത്താണ് താന്‍ ജീവിക്കുന്നത്. അവിടുത്തെ ഭൂരിപക്ഷത്തിനും താന്‍ സിനിമയില്‍ അഭിനയിച്ചതാണ് എന്നത് അറിയില്ല. ഇത്തരം രംഗങ്ങള്‍ ലഭിച്ചവര്‍ ആ രീതിയില്‍ അതിനെ കാണുന്നില്ല.

താന്‍ വേറെ എന്തോ കെണിയില്‍ പെട്ടു, അത് ചിത്രീകരിക്കപ്പെട്ടുവെന്നാണ് സംസാരം, ശരിക്കും സങ്കടകരമായ കാര്യമാണ് ഇത്. നല്ലൊരു ചിത്രം ചെയ്തിട്ടും അത് ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് തീര്‍ത്തും സങ്കടകരമാണെന്ന് ജയചന്ദ്രന്‍ പറയുന്നു.ഇത്തരം അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ജയചന്ദ്രന്റെ തീരുമാനം.