മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്തി ബിജെപി നേതാവ്

മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്തി ബിജെപി നേതാവായ എതിര്‍ സ്ഥാനാര്‍ത്ഥി. 2016 തെരഞ്ഞെടുപ്പില്‍ സുധാകരനെതിരെ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി എല്‍ പി ജയചന്ദ്രനാണ് സിപിഎമ്മിനുള്ളിലെ ശത്രുക്കള്‍ സുധാകരനെ അപായപ്പെടുത്തുമെന്ന് കണ്ട് മൃത്യുഞ്ജയ അര്‍ച്ചന നടത്തിയത്. മുമ്പ് വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടപ്പോള്‍ വിഎസിന് വേണ്ടിയും വഴിപാട് നടത്തിയിരുന്നതായി ജയചന്ദ്രന്‍ പറയുന്നു.

അമ്പലപ്പുഴയില്‍ രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന സുധാകരന്‍ വികസനത്തിലും രാഷ്ട്രീയം നോക്കാറില്ലെന്നും അതാകാം സിപിഎമ്മിനുള്ളിലെ ശത്രുതക്ക് കാരണമെന്നും ജയചന്ദ്രന്‍ പറയുന്നു. ജി സുധാകരന്റെ തട്ടകമായ അമ്പലപ്പുഴയിലടക്കം സിപിഎമ്മില്‍ നിന്ന് തന്നെ സുധാകരന് എതിര്‍പ്പ് ശക്തമായ പശ്ചാത്തലത്തിലാണ് പ്രാദേശിക ബിജെപിയിലെ പ്രമുഖ നേതാവായ എല്‍ പി ജയചന്ദ്രന്‍ ശിവക്ഷേത്രത്തില്‍ സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്തിയത്.