”ആമിര്‍ ഖാന്‍ ഹിന്ദു വിരുദ്ധന്‍”; സിയറ്റ് പരസ്യത്തിനെതിരെ ബിജെപി എംപി

ജനപ്രിയ വസ്ത്ര ബ്രാന്‍ഡായ ഫാബ് ഇന്ത്യയ്‌ക്കെതിരായ സംഘ്പരിവാര്‍ കാംപയിനിനു പിറകെ ടയര്‍ നിര്‍മാതാക്കളായ സിയറ്റിനെതിരെ ബിജെപി. ആമിര്‍ ഖാന്‍ നായകനായുള്ള കമ്ബനിയുടെ പരസ്യചിത്രത്തിനെതിരെയാണ് കര്‍ണാടക ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്‌ഡെ രംഗത്തെത്തിയത്. ആമിര്‍ ഖാന്‍ ഹിന്ദു വിരുദ്ധനായ നടനാണെന്നും സിയറ്റിന്റെ പരസ്യം ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതാണെന്നും ഹെഗ്‌ഡെ വിമര്‍ശിച്ചു.

സിയറ്റ് എംഡിയും സിഇഒയുമായ ആനന്ത് വര്‍ധന്‍ ഗോയങ്കെയ്ക്ക് എഴുതിയ കത്തിലാണ് അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ വിമര്‍ശനം. സിയറ്റിന്റെ പരസ്യം ഹിന്ദുക്കള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഭാവിയില്‍ ഹിന്ദു വികാരങ്ങളെ മാനിക്കുമെന്നാണ് വിശ്വാസമെന്നും ഹെഗ്‌ഡെ കത്തില്‍ പറഞ്ഞു.

”പൊതുസമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ശ്രദ്ധാലുവാണല്ലോ താങ്കള്‍. താങ്കള്‍ ഒരു ഹിന്ദുവായതുകൊണ്ടു തന്നെ നൂറ്റാണ്ടുകളായി ഹിന്ദുസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനങ്ങള്‍ താങ്കള്‍ക്കും അനുഭവപ്പെടുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. ഹിന്ദുവിരുദ്ധരായ ഒരുകൂട്ടം നടന്മാര്‍ എപ്പോഴും ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തുകയാണ്. അവര്‍ ഒരുകാലത്തും സ്വന്തം സമുദായത്തിന്റെ മോശം പ്രവൃത്തികള്‍ പുറത്തുപറയാന്‍ തയാറാകാറില്ല”- കത്തില്‍ ഹെഗ്‌ഡെ കുറ്റപ്പെടുത്തി.

ആമിര്‍ ഖാനെ നായകനാക്കി അടുത്തിടെ പുറത്തിറങ്ങിയ താങ്കളുടെ കമ്ബനിയുടെ പരസ്യത്തില്‍ തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് താരം ജനങ്ങളെ ഉപദേശിക്കുന്നത് നല്ലൊരു സന്ദേശമാണ് നല്‍കുന്നത്. പൊതുപ്രശ്‌നങ്ങളിലുള്ള നിങ്ങളുടെ ആശങ്ക അഭിനന്ദനമര്‍ഹിക്കുന്നു. ഈ സാഹചര്യത്തില്‍ റോഡില്‍ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്‌നം കൂടി താങ്കള്‍ കൈകാര്യം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. വെള്ളിയാഴ്ചയും മറ്റ് ആഘോഷദിവസങ്ങളിലും നമസ്‌കാരത്തിന്റെപേരില്‍ റോഡുകളില്‍ ഗതാഗതം തടസപ്പെടുത്തുന്ന ഒരു പ്രശ്‌നമുണ്ട്-അദ്ദേഹം ചൂണ്ടിക്കാട്ടി.