ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു; ബിജെപി എംപിയുടെ കൊച്ചുമകള്‍ മരിച്ചു

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകള്‍ മരിച്ചു. റീത്തയുടെ മകന്‍ മായങ്ക് ജോഷിയുടെ മകളായ ആറുവയസ്സുകാരിയാണ് മരിച്ചത്. റീത്തയുടെ പ്രയാഗ് രാജിലെ വസതിയിലാണ് അപകടം നടന്നത്.

ദീപാവലിക്ക് കൂട്ടുകാരോടൊപ്പം രാത്രി വീടിന്റെ ടെറസില്‍ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ കുട്ടിയുടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചുവെങ്കിലും പടക്കത്തിന്റെ ശബ്ദത്തിനിടെ ഇതാരും കാര്യമായി ശ്രദ്ധിച്ചില്ല. പടക്കം പൊട്ടിക്കല്‍ കഴിഞ്ഞതിനു ശേഷമാണ് പൊള്ളലേറ്റ നിലയില്‍ കുട്ടിയെ കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കുട്ടിക്ക് അറുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം അവിടെനിന്ന് എയര്‍ ആംബുലന്‍സ് വഴി ഡല്‍ഹിയിലെ മിലിട്ടറി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.