മമത ബാനര്‍ജിയ്‌ക്കെതിരെ ബിജെപി പ്രതിഷേധം; പോലീസ് വാഹനം കത്തിച്ചു, സുവേന്ദു അധികാരി അറസ്റ്റില്‍

ബംഗാളിൽ മമത സർക്കാരിനെതിരായ ബിജെപിയുടെ സെക്രട്ടറിയേറ്റിലേക്കുള്ള മാർച്ചിൽ സംഘർഷം. ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിലുണ്ടായി. പോലീസ് സമരക്കാർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സെക്രട്ടറിയേറ്റിലേക്കുള്ള മാർച്ചിനിടെ നിരവധി ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധിച്ചാണ് മാർച്ച്.അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസിലെ മന്ത്രിമാർ അറസ്റ്റിലായ സാഹചര്യത്തിൽ മമത ബാനർജി രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. മാർച്ചിന് നേതൃത്വം നൽകിയ സുവേന്ദു അധികാരിയെ അടക്കം അറസ്റ്റ് ചെയ്തു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ബംഗാളിൽ ബിജെപിയുടെ നബന്ന മാർച്ചിന് ബംഗാൾ പോലീസ് അനുമതി നിഷേധിച്ചിരുന്നു. നബന്ന മാർച്ചിൽ പങ്കെടുക്കാനായി പല സംസ്ഥാനങ്ങളിലും നിന്നും ജില്ലകളിൽ നിന്നും നിരവധി ബിജെപി അനുഭാവികളാണ് ബംഗാളിലേക്ക് എത്തിയത്. ഇത്തരത്തിൽ പ്രദേശങ്ങളിൽ നിന്നും സംസ്ഥാനത്തേയ്ക്ക് ട്രെയിൻ മാർഗ്ഗം എത്തുന്ന ബിജെപി പ്രർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പനഗഡിൽ നിന്നുമാണ് നാല് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ്  ചെയ്യുന്നത്. ദുർഗാപൂർ റെയിൽവേ സ്റ്റേഷനു സമീപം പാർട്ടി നേതാക്കളിൽ 20 പേരെ പോലീസ് തടഞ്ഞതായി ബിജെപി നേതാവ് അഭിജിത് ദത്ത പറഞ്ഞു. നിലവിൽ പ്രദേശത്ത് സിആർപിസി 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.