നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരം നല്‍കുവാന്‍ ബിജെപി തമിഴ്‌നാട് ഘടകം

ചെന്നൈ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കുവാന്‍ ഒരുങ്ങി തമിഴ്‌നാട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരം നല്‍കാന്‍ ബിജെപി തമിഴ്‌നാട്ടില്‍ തീരുമാനിച്ചു. ചെന്നൈയിലെ സര്‍ക്കാര്‍ ആര്‍എസ്ആര്‍എം ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്കാണ് സ്വര്‍ണമോതിരം ലഭിക്കുക. 10 മുതല്‍ 15 വരെ കുട്ടികള്‍ക്ക് മോതിരം നല്‍കുമെന്നാണ് അറിയുന്നത്. അതേസമയം 720 കിലോഗ്രം മത്സ്യം ആഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി എല്‍ മുരുകന്‍ പറഞ്ഞു.

മുഖ്യമന്തച്രി എംകെ സ്റ്റാലിന്റെ മണ്ഡലത്തിലാണ് 720 കിലോ മത്സ്യം സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുന്നത്. നരേന്ദ്രമോദിയുടെ 72-ാം ജന്മദിമാണ് ശനിയാഴ്ച. പ്രധാനമന്ത്രിയുടെ മത്സ്യസമ്പദ് യോജന പദ്ധതി മത്സ്യവ്യാപാര മേഖലയ്ക്ക് ഉണര്‍വ് നല്‍കി. അതിനാലാണ് മത്സ്യവിതരണം ചെയ്യാനുള്ള തീരുമാനം എടുത്തതെന്നും തമിഴ്‌നാട്ടിലെ തീരദേശ ശുചീകരണ ദിനമായി മോദിയുടെ ജന്മദിനം ആഘോഷിക്കുവാനും ബിജെപി തീരുമാനിച്ചു.

എന്നാല്‍ ഇത് സൗജന്യമായി നല്‍കുന്നതാണെന്ന് വിചാരിക്കേണ്ടന്നും നരേന്ദ്രമോദിയുടെ ജന്മദിനം ഞങ്ങള്‍ ഇങ്ങനെയാണ് ആഘോഷിക്കുന്നതെന്ന് മനസിലാക്കിയാല്‍ മതിയെന്നും എല്‍ മുരുകന്‍ പറഞ്ഞു. അതേസമയം ബിജെപി രാജ്യത്ത് എല്ലായിടത്തും പ്രധാനമന്ത്രിയുടെ ജന്മദിനം വളരെ വിപുലമായിട്ടാണ് ആഘോഷിക്കുന്നത്.

ആഘോഷം വലിയ രീതിയില്‍ നടത്തണമെന്ന് ദേശീയ നേതൃത്വം സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സേവാ പഖ്വാഡ ആയി ആഘോഷിക്കണമെന്നാണ് നിര്‍ദേശം. ഇത് അനുസരിച്ച് ബിജെപി വിവിധ സ്ഥലങ്ങളില്‍ രക്തദാന ക്യാംപ്, സൗജന്യ മെഡിക്കല്‍ ചെക്കപ്പുകള്‍ എന്നിവ നടത്തും. എന്നാല്‍ കേക്ക് മുറിച്ച് ആഘോഷം നടത്താന്‍ പാടില്ലെന്ന് പ്രത്യേക നിര്‍ദേശമുണ്ട്.