ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു, സംഭവം കണ്ണൂരിൽ

കണ്ണൂർ: ബിജെപി പ്രവർത്തകന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു. കണ്ണൂർ മുഴപ്പാല കൈതപ്രം സ്വദേശി റിജിലിന്റെ ബൈക്കാണ് കത്തിച്ചത്. ഇന്ന് പുലർച്ച രണ്ടരയോടെയാണ് സംഭവം. വീടിന് മുന്നിൽ ഒതുക്കിവച്ചിരുന്ന ബൈക്കിനാണ് തീവച്ചത്. ഇതിന് മുമ്പ് രണ്ടുതവണ റിജിലിന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. സിപിഎം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റാണ് റിജിൽ.

അതേസമയം ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് ബിജെപി പ്രവർത്തകന്റെ വീടിന് നേരെയും സിപിഎം ആക്രമണം ഉണ്ടായിരുന്നു . സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഇരുപതംഗ സംഘമാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. കോഴിക്കോട് തിരുവമ്പാടിയിലാണ് സംഭവം.

തിരുവമ്പാടി ബിജെപി നിയോജക മണ്ഡലം അദ്ധ്യക്ഷൻ പുതുപ്പാടി പോത്തുണ്ടിയിൽ ശശിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രി ഒരു മണിയോടെ സിപിഎം പുതുപ്പാടി ലോക്കൽ സെക്രട്ടറി ഷൈജലിന്റെ നേതൃത്വത്തിലെത്തിയ ഇരുപതംഗ സംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയത്.വടിവാളുൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.

വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ സംഘം സ്ത്രീകൾ ഉൾപ്പടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ പതിനെട്ട് പവൻ സ്വർണവും ഏഴ് ലക്ഷത്തോളം രൂപയും ഈ അക്രമി സംഘം കവർന്നതായും പരാതിയുണ്ട്. പ്രാദേശികമായി ഉണ്ടായ വാക്കുതർക്കമാണ് സിപിഎം ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നു.