അതിർത്തിയിൽ സമാധാനം പുലരുമോ? ഗോഗ്രയിൽ നിന്നും സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും

കിഴക്കൻ ലഡാക്കിലെ ഗോഗ്രയിലെ സൈനിക പിന്മാറ്റം പൂർത്തിയായി. ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് ഗോഗ്രയിൽ നിന്നും ഇന്ത്യയും ചൈനയും സൈനികരെ പിൻവലിച്ചത്. ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ നടത്തിയ 12ാം വട്ട കമാൻഡർ തല ചർച്ചയിൽ ഗോഗ്രയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും ധാരണയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്ത്യ- ചൈന കോർ കമാൻഡർ തല ചർച്ച നടന്നത്.

മേഖലയിലെ താത്കാലിക സംവിധാനങ്ങളും നിർമ്മാണങ്ങളും ഇരു സൈന്യവും പൊളിച്ചു നീക്കി. ഇക്കാര്യം അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ധാരണ പ്രകാരം ഗോഗ്രയിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇരു വിഭാഗം സൈന്യവും കർശന നിരീക്ഷണം നടത്തും. ഇവിടം ബഫർസോണായി നിലനിർത്താനാണ് തീരുമാനം.

കിഴക്കൻ ലഡാക്കിലെ ആറ് മേഖലകളിലാണ് ചൈനയുമായി സംഘർഷ സാദ്ധ്യത നിലനിന്നിരുന്നത്. നിരവധി തവണയായി നടത്തിയ ചർച്ചകളെ തുടർന്ന് നാല് മേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിച്ചിരുന്നു. ദെസ്പാംഗിലും, ഹോട് സ്പ്രിംഗിലുമാണ് സൈനികർ ശേഷിക്കുന്നത്.