മാനസ കൊലപാതകകേസിൽ നിർണായക വഴിത്തിരിവ്; രഖിലിന്‌ തോക്കു നൽകിയ ആളെ പിടികൂടി

എറണാകുളം കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനായിരുന്ന പി.വി.മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി രഖിൽ ജീവനൊടുക്കിയ കേസിൽ നിർണായക വഴിത്തിരിവ്. രഖിലിന് പിസ്റ്റള്‍ നല്‍കിയ ആളെ ബിഹാറില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍(21) ആണ് പിടിയിലായത്. ബിഹാര്‍ പോലീസിന്റെ സഹായത്തോടെയാണ് കോതമംഗലം എസ്‌ഐ മാഹിനിന്റെ നേതൃത്വത്തില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെട്ട സംഘം ഇയാളെ പിടികൂടിയത്.

സോനു കുമാറിനെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെ ഹാജരാക്കി. തുടര്‍ന്ന് കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിച്ചു. രഖിലിനെ സോനുവിലേക്ക് എത്തിച്ച ടാക്‌സി ഡ്രൈവറെ കേരള പോലീസ് തിരയുന്നുണ്ട്. പട്‌നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെ രഖില്‍ മുന്‍ഗറില്‍ എത്തിയെന്നാണ് സൂചന.

സോനുവിനെ പിടികൂടുന്നത് ഒപ്പമുണ്ടായിരുന്ന സംഘം എതിര്‍ത്തെങ്കിലും മുന്‍ഗര്‍ എസ്പിയുടെ സ്‌ക്വാഡും ഒപ്പമുണ്ടായിരുന്നത് കേരള പോലീസിന് സഹായകരമായി. രഖിലിന്റെ സുഹൃത്തുക്കളില്‍ നിന്നാണ് പോലീസിന് തോക്ക് നല്‍കിയ ആളെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന.