മാള്‍ ഉടമയില്‍ നിന്നും കൈക്കൂലി, ഭൂരേഖ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട് : നഗരത്തിലെ മാള്‍ ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെഅറസ്റ്റിലായ ഭൂരേഖ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ പി സുധാകരനെയാണ് സസ്‌പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്യുന്നത് സംബന്ധിച്ച് പാലക്കാട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

50,000 രൂപയാണ് സുധാകരൻ മാള്‍ ഉടമയില്‍ നിന്നും കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം കൈമാറുന്നതിനടെ വിജിലൻസ് സംഘം കയ്യോടെ ഇയാളെ പിടികൂടുകയായിരുന്നു. പാലക്കാട് തഹസില്‍ദാറുടെ അധിക ചുമതലകൂടി സുധാകരനായിരുന്നു ഉണ്ടായിരുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം സുധാകരനെ പിടികൂടിയത്. ഉദ്യോ​ഗസ്ഥനെതിരെ മുമ്പും നിരവധി പരാതികളുണ്ടായിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.