ഡോക്ടര്‍ ഷെറി ഐസകിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 15 ലക്ഷം രൂപ; നോട്ടുകൾ സൂക്ഷിച്ചത് കിടക്കയുടെ അടിയിൽ

തൃശൂര്‍: കൈക്കൂലി കേസിൽ പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഷെറി ഐസകിന്‍റെ വീട്ടിൽനിന്നു കണ്ടെടുത്തത് 15.20 ലക്ഷം രൂപ. മുളങ്കുന്നത്തുകാവ് ഹൗസിങ് ബോർഡ് സമുച്ചയത്തിലെ വാടകവീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കിടക്കയുടെ ഉള്ളിലും താഴെയുമായാണു പണം ഒളിപ്പിച്ചിരുന്നത്. വീട്ടിൽ പണം സൂക്ഷിച്ചിട്ടില്ലെന്നു വാദിച്ചു റെയ്ഡിനോടു ഡോക്ടർ സഹകരിക്കാതെ പിടിച്ചുനിന്നെങ്കിലും കിടക്ക നീക്കിയപ്പോൾ നോട്ടുകെട്ടുകൾ കണ്ടെത്തി.

ഡോക്ടറുടെ കിടക്ക തുറന്നു പരിശോധിച്ച വിജിലൻസ് സംഘം കണ്ടത് 20 രൂപയുടേതു മുതൽ 2000 രൂപയുടേതു വരെയുള്ള കെട്ടുകൾ. 2000 രൂപയുടെ മാത്രം 40 നോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ കെട്ടുകളാണ് ഏറെയും. കിടക്കയ്ക്കു താഴെയും അലമാരയിലെ റാക്കുകളുടെ ഉള്ളിലും കെട്ടുകൾ കണ്ടെത്തി. പണം പൊതിഞ്ഞു കൊടുക്കാൻ ആളുകൾ ഉപയോഗിച്ച കവറുകളും ഏറെയുണ്ടായിരുന്നു. പൊട്ടിക്കാത്ത കവറുകളിലുള്ള നോട്ടുകളുമേറെ. 50, 100, 200 രൂപാ നോട്ടുകൾ കെട്ടുകളാക്കി തിരിച്ച് ഇവ റബർ ബാൻഡിട്ടു സൂക്ഷിച്ചിരുന്നു.

അതേ സമയം ഡോക്ടറുടെ സ്വത്ത് വിവരം ഇ.ഡി അന്വേഷിക്കും. അഞ്ചു ലക്ഷത്തിനു മീതെ പണം പിടികൂടിയാൽ കേസുകൾ ഇ.ഡിയെ അറിയിക്കണം എന്നാണ് ചട്ടം. വിജിലൻസ് സ്പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും. പിടിയിലായ ഡോക്ടറെ ജയിലിലേക്ക് മാറ്റിയിരുന്നു. പാലക്കാട് സ്വദേശിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് ഡോക്ടർ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം ഡോക്ടർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ വൈകീട്ട് നാലിന് എത്തിക്കാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു. കൈക്കൂലി കൊടുക്കാതിരുന്നതിനാല്‍ പല തവണ ഓപ്പറേഷന്‍ മാറ്റിവെച്ചിരുന്നു.

ഡോക്ടർ ഷെറി ഐസക് വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസ് കണ്ടെത്തി. മെഡിക്കൽ കോളജിലെത്തുന്ന വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളോട് ഓട്ടുപാറയിലെ സ്വകാര്യ ക്ലിനിക്കിലെത്താൻ ആവശ്യപ്പെടും. ഒരു തവണ ഡോക്ടറെ കാണാൻ 300 രൂപ നൽകണം. മെഡിക്കൽ കോളജിലെ തുടർ ചികിത്സക്ക് കൈക്കൂലി ചോദിക്കുന്നത് അടുത്തുള്ള മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ വഴിയാണ്. ശസ്ത്രക്രിയക്കുള്ള തിയ്യതി ലഭിക്കാൻ കുറഞ്ഞത് 3000 രൂപയാണ് നൽകേണ്ടത്. ഡോക്ടർ പറയുന്ന തിയ്യതിക്കും നേരത്തെയാക്കണമെങ്കിൽ തുക ഇനിയും കൂടും.