കുഞ്ഞിന്റെ തല മാത്രമെ വരുന്നുള്ളു, സിസേറിയൻ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു, ഡെലിവറി കഥ പറഞ്ഞ് സ്നേഹ

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ സ്‌നേഹക്കും ശ്രീകുമാറിനും കുഞ്ഞതിഥി ജനിച്ചത് അടുത്തിടെയാണ്. ഇപ്പോളിതാ മകൻ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും, പ്രിയപെട്ടവരുടെ പ്രാർത്ഥനയ്ക്ക് നന്ദിയുണ്ടെന്നും അടുത്തിടെ ഇരുവരും അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സ്‌നേഹയും ശ്രീകുമാറും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രസവാവധി കഴിഞ്ഞ് സ്നേഹ മറിമായത്തിന്റെ സെറ്റിൽ തിരിച്ചെത്തിയത്. ഇപ്പോഴിതാ ആരാധകരുടെ ആവശ്യപ്രകാരം ഡെലിവറി സ്റ്റോറി പങ്കുവെച്ച് എത്തിയിരിക്കുകയാണ് സ്നേഹ ശ്രീകുമാർ.

ഡെലിവറി സ്റ്റോറി പറയാമോയെന്ന് കുറെപ്പേർ കമന്റിലൂടെയും മെസേജിലൂടെയും ചോദിച്ചിരുന്നു. വലിയൊരു ഡെലിവറി സ്റ്റോറിയൊന്നും പറയാനില്ല. ഹോസ്പിറ്റലിൽ പോയി അഡ്മിറ്റായപ്പോൾ സ്കാൻ ചെയ്തു. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും കാണാത്തത് കൊണ്ട് നോർമൽ ഡെലിവറിയാണ് എന്ന രീതിയിലായിരുന്നു എല്ലാം മുന്നോട്ട് പോയത്.

പെയിൻ ഇൻഡ്യൂസ് ചെയ്യുകയാണ് ചെയ്തത്. ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ ഒമ്പത് മാസം തികഞ്ഞിരുന്നു അതുകൊണ്ടാണ് പെയിൻ‌ ഇൻഡ്യൂസ് ചെയ്തത്. പെയിൻ‌ ഇൻഡ്യൂസ് ചെയ്തപ്പോൾ ചെറിയ വേദന വന്നു. ഞാൻ ഡെലിവറിക്കായി ആശുപത്രിയിലേക്ക് പോയപ്പോൾ ഒരു പാക്കറ്റ് മിച്ചറൊക്കെ കയ്യിൽ കരുതിയിരുന്നു.

പെയിൻ വരുന്നത് വരെ കഴിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. പക്ഷെ വെളുപ്പിന് തന്നെ ലേ​ബർ റൂമിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. രാവിലെ അഞ്ചര ആയപ്പോഴേക്കും റെഡിയായി ലേബർ റൂമിലേക്ക് പോയി. ശേഷം എനിമയൊക്കെ തന്ന് വയറ് ക്ലീൻ ചെയ്തു. അപ്പോഴേക്കും എനിക്ക് ടെൻഷനായി കാരണം എനിക്ക് വിശപ്പ് സഹിക്കാൻ കഴിയില്ല.

ഇനി പ്രസവിക്കുന്നത് വരെ ഭക്ഷണം കിട്ടില്ലെന്നാണ് കരുതിയത്. പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ‌ ഇഡ്ഡലിയും ചായയും തന്നു. പെയിൻ ഇൻഡ്യൂസ് ചെയ്തിട്ടും ചെറിയ പെയിനെ ഉണ്ടായിരുന്നുള്ളു. പിന്നീട് വളരെ വേ​ഗത്തിൽ സമയം പോകുന്നത് പോലെ തോന്നി. അതിനിടയിൽ ലേബർ റൂമിൽ കിടന്ന് ഞാൻ ഉറങ്ങി. ഒരു ജൂനിയർ ഡോക്ടർ വന്ന് ചോദിക്കുകയും ചെയ്തു.. ഇവിടെ കിടന്ന് ഉറങ്ങിയാൽ മതിയോ പ്രസവിക്കണ്ടേയെന്ന്.

ഉച്ചയായപ്പോൾ ഡോക്ടർ വന്ന് പറഞ്ഞു കുഞ്ഞിന്റെ തല മാത്രമെ വരുന്നുള്ളുവെന്ന്. കുഞ്ഞിന് വെയിറ്റ് കൂടുതലാണ് എന്നതാണ് കാരണമായി ഡോക്ടർ പറഞ്ഞത്. ഇതോടെ സിസേറിയൻ ചെയ്യാൻ തീരുമാനിച്ചു. സിസേറിയൻ കഴിഞ്ഞ് കുഞ്ഞിനെ എൻഐസിയുവിലേക്ക് മാറ്റി. പെട്ടന്ന് സിസേറിയൻ തീരുമാനിച്ചത് കുഞ്ഞിന്റെ കോഡ് ചുറ്റിയതുകൊണ്ടാണെന്ന് പിറ്റേദിവസമാണ് ഡോക്ടർ എന്നോട് പറഞ്ഞത്. കുഞ്ഞിന് വേറെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഒമ്പത് മാസം വരെ ഞാൻ ഓക്കെയായിരുന്നു. പറയത്തക്ക ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ഞാൻ‌ ഡാൻസ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സിസേറിയൻ എന്തിനാണ് ചെയ്തതെന്ന ചോദ്യം പലരും ചോദിച്ചിരുന്നുവെന്നും

സ്‌നേഹയെന്ന പേരിനൊപ്പം ചേർന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും. മറിമായത്തിലെ മണ്ഡുവിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകർ നൽകിയത്. സിനിമകളും പരമ്പരകളുമൊക്കെ നിരവധിയുണ്ടെങ്കിലും ആരാധകർക്ക് മണ്ഡുവാണ് സ്‌നേഹ. കുടുംബം പോലെയാണ് മറിമായം ടീമെന്ന് താരവും പറഞ്ഞിരുന്നു. ലോലിതനായാണ് ശ്രീകുമാർ എത്തിയത്. ഇവർ ഇരുവരും ജീവിതത്തിൽ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോൾ ആരാധകർക്കായിരുന്നു സന്തോഷം.