‘പറ്റിച്ച പണത്തിന് ഒരേക്കർ ഭൂമി വാങ്ങി, കുറച്ച് സ്വിസ് ബാങ്കിലിട്ടു, ബാക്കി പൂഴ്ത്തി’ – രാമസിംഹന്‍

കൊച്ചി . മലബാര്‍ കലാപം പ്രമേയമാക്കി രാമസിംഹന്‍ അബൂബക്കര്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു. ബിജെപി നേതാവ് കൂടിയായ രാമസിംഹന്‍ മമധര്‍മ എന്ന ക്രൗഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങളാണ് ഉയരുന്നത്.

ചിത്രത്തിനും സംവിധായകനും എതിരെ സോഷ്യല്‍ മീഡയയില്‍ വ്യാപകമായി ട്രോളുകള്‍ ആണ് നിറയുന്നത്. പണം പിരിച്ച് സംഘപരിവാര്‍ അനുകൂലികളെ രാമസിംഹന്‍ പറ്റിക്കുന്നു എന്ന ആരോപണം ഉയരുന്നതിനെതിരെ വിവാദങ്ങള്‍ക്ക് മറുപടി നല്‍കി രാമസിംഹന്‍ രംഗത്ത് വന്നിരിക്കുകയാണ്.

‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന് പിന്നില്‍ ഒരു ബിജെപിക്കാരനും ഇല്ലെന്ന് രാമസിംഹന്‍ പറയുന്നു. കെ സുരേന്ദ്രന്റെ കയ്യില്‍ നിന്നും പത്ത് പൈസ പോലും തന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ല. സിനിമ കാണണം എന്ന് സുരേന്ദ്രന്‍ പറഞ്ഞത് കഴിഞ്ഞ ദിവസം മാത്രമാണ്. ബിജെപി അണികള്‍ സംഭാവന നല്‍കിയിട്ടുണ്ടാകും – രാമസിംഹന്‍ പറഞ്ഞു.

രണ്ട് കോടി രൂപയാണ് വിതരണത്തിന്റെത് അടക്കം പൊതുജനങ്ങളില്‍ നിന്നും ലഭിച്ചത്. പ്രതിഫലം കൊടുക്കാത്ത അധ്വാനവും സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ രാമസിംഹന്‍ അറിയിച്ചു. നാട്ടുകാരെ പറ്റിച്ച പണം കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് പിറകില്‍ ഒരേക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്, കുറച്ച് പൈസ സ്വിസ് ബാങ്കിലുമിട്ടു. ബാക്കി പൂഴ്ത്തി വെച്ചിട്ടുളളത് എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് പണം പറ്റിച്ചുവെന്ന ആരോപണങ്ങള്‍ മറുപടിയായി രാമസിംഹന്‍ പരിഹസിച്ചു.

ഈ സിനിമ ഒരു കാരണവശാലും കാണരുതെന്നാണ് അണികള്‍ക്ക് സിപിഎം നൽകിയിരിക്കുന്ന നിര്‍ദേശം. സംഘപരിവാറും രാമസിംഹനും തമ്മിലുളള ബന്ധം ഇല്ലാതാക്കാനുളളതെല്ലാം ചെയ്യണമെന്നും നിര്‍ദേശം കൊടുത്തിട്ടുണ്ട്. ബിജെപി ഉള്‍പ്പെടുന്ന ജനത്തിന്റെതാണ് ഈ സിനിമ നിര്‍മ്മിച്ച പണം. താന്‍ സനാതന ധര്‍മ്മത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് സിനിമയെ തകര്‍ക്കാനുളള വ്യക്തമായ അജണ്ടകളുണ്ട് എന്നും രാമസിംഹന്‍ ആരോപിച്ചിരിക്കുന്നു.

എസ്ഡിപിഐയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവര്‍ക്ക് വാലാട്ടുന്ന മാധ്യമങ്ങളും കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. വാരിയംകുന്നന്‍ ആരാണെന്ന് ആരും അറിയാന്‍ പാടില്ല എന്നതാണ് അവരുടെ ഉദ്ദേശം. ഇത് സമൂഹം തിരിച്ചറിയണം. തനിക്കൊപ്പം നിന്ന വലിയൊരു സന്ന്യാസ സമൂഹമുണ്ട്. സംഘപരിവാര്‍ എന്ന പരിവാറിലെ ഓരോ വ്യക്തിയും തനിക്ക് പണം നൽകിയിട്ടുണ്ട്. അത് സംഘടന എന്ന നിലയ്ക്ക് മാത്രമല്ല, ധര്‍മ്മത്തെ സ്‌നേഹിക്കുന്ന വ്യക്തികള്‍ എന്ന നിലക്ക് കൂടിയാണ് – രാമസിംഹൻ പറഞ്ഞു.

ഒരു കാലഘട്ടത്തില്‍ സംഭവിച്ച ക്രൂരമായ വേട്ടയാടന്റെ കഥയാണ് ‘പുഴ മുതല്‍ പുഴ വരെ’. അതാരും കാണാന്‍ പാടില്ല. കമ്മ്യൂണിസ്റ്റുകാര്‍ എന്തൊരു വിഡ്ഢികളാണ്. നാളെ ഒടിടിയില്‍ വരും. അപ്പോള്‍ ഓരോ വീട്ടിലേയും ടിവി അവര്‍ക്ക് ഓഫാക്കുമോ. ഈ സിനിമ കണ്ടാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും എന്ന് ഒരു നേതാവ് പറഞ്ഞ ഓഡിയോ കിട്ടിയിട്ടുണ്ട്. ഈ കമ്മ്യൂണിസ്റ്റുകാരാണ് ഇന്ത്യയ്ക്ക് എതിരെ ശബ്ദിച്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. സിനിമ ജനം ഏറ്റെടുത്തു. അതിനെ മാറ്റി മറിക്കുകയാണ് തന്ത്രം – രാമസിംഹന്‍ പറഞ്ഞു.