ബൈജൂസ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

രാജ്യത്തെ ഏറ്റവും വലിയ എഡ്ടെക് ഭീമന്‍ ബൈജൂസ് കമ്പനി അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കടം കുറയ്ക്കാനായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടല്‍ ആരംഭിച്ചിരിക്കുകയാണ് ബൈജൂസ്. കടക്കെണിയിലായ കമ്പനി, പ്രതിസന്ധിയെത്തുടര്‍ന്ന് ചെലവു ചുരുക്കുന്നതിനായാണ് പിരിച്ചുവിടല്‍. സ്വയം രാജിവയ്ക്കണമെന്നാണ് കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ കമ്പനി ഇമെയിലുകള്‍ ഡീആക്ടിവേറ്റ് ചെയ്തു. ഐഡി കാര്‍ഡ് തിരിച്ചേല്‍പ്പിക്കണമെന്ന ഭീഷണിയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മെന്ററിങ്, ലോജിസ്റ്റിക്സ്, ട്രെയ്നിങ്, സെയില്‍സ്, പോസ്റ്റ് സെയില്‍സ്, ഫിനാന്‍സ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നെല്ലാം ജീവനക്കാരെ പറഞ്ഞുവിട്ടിട്ടുണ്ട്.

കഴിഞ്ഞ 16ന് 1000 ജീവനക്കാരെ കൂടി പിരിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2022 ഒക്ടോബറില്‍ കമ്പനി ലാഭത്തിലെത്തിക്കുന്നതിന്റെ ഭാഗമായി അഞ്ചു ശതമാനം ജീവനക്കാരെ ഒഴിവാക്കുമെന്ന് ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുള്ള ആറു മാസങ്ങളിലായി 2500 ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു ബോര്‍ഡിന്റെ തീരുമാനം. 2023 മാര്‍ച്ചോടെ ലാഭത്തിലേക്കെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഈ ലക്ഷ്യം സാധിച്ചെടുക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. വായ്പ തിരിച്ചടയ്ക്കാനായി കടുത്ത ചെലവുചുരുക്കലിലേക്ക് കടന്നിരിക്കുകയാണ് കമ്പനി.നിലവില്‍ 50,000ത്തോളം ജീവനക്കാരാണ് കമ്പനിയിലുള്ളത്.

ബിസിനസ്സില്‍ സ്തംഭനാവസ്ഥ നേരിടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ മറ്റൊരു പ്രമുഖ ആപ്പായ ആകാശുമായി കൈകോര്‍ക്കാനുള്ള ശ്രമമാണ് ബൈജൂസ് നടത്തുന്നത്. കോവിഡിന് ശേഷം ഓണ്‍ലൈന്‍ കോഴ്‌സുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് മാന്ദ്യം അനുഭവപ്പെട്ട് തുടങ്ങിയതിനാലാണ് മറ്റ് കമ്പനികളുമായി കൈകോര്‍ക്കാന്‍ ബൈജൂസ് തയ്യാറായതെന്നാണ് വിലയിരുത്തലുകള്‍.

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ കമ്പനിയുടെ മൂല്യം ഒരിക്കല്‍ 22 ബില്യണ്‍ ഡോളറായിരുന്നു. 2011 ല്‍ സ്ഥാപിതമായ ബൈജൂസ് കഴിഞ്ഞ ദശകത്തില്‍ ജനറല്‍ അറ്റ്ലാന്റിക്, ബ്ലാക്ക് റോക്ക്, സെക്വോയ ക്യാപിറ്റല്‍ തുടങ്ങിയ ആഗോള നിക്ഷേപകരെ ആകര്‍ഷിച്ചു.