വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദം, എസ്എഫ്‌ഐയിൽ നിന്നും നിഖിൽ തോമസിനെ പുറത്താക്കി

തിരുവനന്തപുരം. കോളേജില്‍ എംകോം പ്രവേശനം നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ എസ്എഫ്‌ഐയില്‍ നിന്നും പുറത്താക്കി. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലയില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംങത്തിന്റെ സഹായം നിഖിലിന് ലഭിച്ചുവെന്ന് എസ്എഫ്‌ഐ വ്യക്തമാക്കുന്നു. നിഖില്‍ എസ്എഫ്‌ഐയെ തെറ്റിദ്ധരിപ്പിച്ചുവെന്നും എസ്എഫ്‌ഐ പ്രസ്താവനയില്‍ അറിയിച്ചു.

ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ചെയ്യുവാന്‍ പിടില്ലാത്ത കാര്യമാണ് നിഖില്‍ ചെയ്തത്. അതിനാല്‍ എസ്എഫ്‌ഐയുടെ മുഴുവന്‍ ഘടകങ്ങളില്‍ നിന്നും നിഖിലിനെ മാറ്റുന്നതായും എസ്എഫ്‌ഐ പറയുന്നു. സംഭവം പുറത്ത് വന്നതോടെ നിഖിലിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ എസ്എഫ്‌ഐയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് നിഖില്‍ സ്വീകരിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. എലിജിബിറ്റി സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനലാണെന്ന് നിഖില്‍ പറഞ്ഞു.

പിന്നീട് കലിംഗ സര്വകലാശാലയില്‍ നിഖില്‍ തോമസ് വിദ്യാര്‍ഥിയായിരുന്നില്ലെന്ന് വ്യക്തമായി. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുന്ന സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാരിനില്‍ നിന്നും സഹായം സ്വീകരിച്ച നിഖിലിനെ എല്ലാ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പാഠമാകുന്ന രീതിയില്‍ എസ്എഫ്‌ഐയുടെ പ്രഥമികാംഗത്വത്തില് നിന്ന് പുറത്താക്കുന്നതായി എസ്എഫ്‌ഐ അറിയിച്ചു.