റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ല സി.ദിവാകരന്‍

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടിക്കെതിരെ സിപിഐ. ഈ തീരുമാനത്തെ അനുകൂലിക്കുന്നില്ലെ ന്ന് മുന്‍ മന്ത്രി സി.ദിവാകരന്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ല സി.ദിവാകരന്‍ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണ്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി അംഗീകരിക്കാനാകില്ല. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നല്ല ഭരണാധികാരികള്‍ക്ക് കഴിയണം. പൊലീസ് നടപടിയോട് സിപിഐ യോജിക്കുന്നില്ല സി.ദിവാകരന്‍ പറഞ്ഞു.

ആരുടേയോ പ്രീതി പിടിച്ച് പറ്റാന്‍ പൊലീസ് കുത്തിത്തിരിപ്പ് നടത്തുകയാണ്. സര്‍ക്കാര്‍ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയില്‍ പറയും – സി. ദിവാകരന്‍ പറഞ്ഞു. ഇതിനിടെ, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരായ നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. KSU ഉയര്‍ത്തിയ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ചു കൊണ്ടായായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

സര്‍ക്കാര്‍-എസ്എഫ്‌ഐ വിരുദ്ധ ക്യാമ്പെയിന്‍ നടത്തിയാല്‍ ഇനിയും കേസെടുക്കും. മാധ്യമങ്ങളെയാകെ കുറ്റപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി, സര്‍ക്കാരിന്റെ മാധ്യമ പ്രവര്‍ത്തകക്കെതിരായ നീക്കത്തെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടെന്ന ന്യായ വാദവും നടത്തുകയുണ്ടായി. റിപ്പോര്‍ട്ടർമാരെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിക്കുകയുണ്ടായി.’അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍, അത് ആരായാലും അവര്‍ക്കെതിരെ കേസെടുക്കണം. ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യണം – എംവി ഗോവിന്ദന്‍ പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയില്‍ പങ്കാളികളായ എല്ലാവരെയും പുറത്ത് കൊണ്ടുവരണം. ഈ കേസ് വ്യത്യസ്തമാണ്. മാധ്യമത്തിന്റെ പേരും പറഞ്ഞ് കേസില്‍ നിന്ന് ഒഴിവാകാന്‍ കഴിയില്ല”. ഇനിയും കേസെടുക്കും നേരത്തെയും കേസെടുത്തിട്ടുണ്ട് – എംവി ഗോവിന്ദന്‍ പറഞ്ഞു