കൊച്ചി മെട്രോ തൂണുകൾക്കിടയിൽ കഞ്ചാവ് ചെടി

കൊച്ചി മെട്രോ തൂണുകൾക്കിടയിൽ കഞ്ചാവ് കൃഷി. പാലാരിവട്ടം ട്രാഫിക് സിഗ്‌നലിന് സമീപത്ത് 516- 517 പില്ലറുകൾക്കിടയിലാണ് മറ്റ് ചെടികൾക്കൊപ്പം കഞ്ചാവ് ചെടിയും കണ്ടെത്തിയത്. ചെടികൾ നട്ട് പരിപാലിക്കാൻ കൊച്ചി മെട്രോ റെയിൽ അനുവദിച്ചിട്ടുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി വളർത്തിയിട്ടുള്ളത്.

എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഏകദേശം നാലുമാസം പ്രായം വരുന്ന ചെടിയാണ് കണ്ടെത്തിയത്. 130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ടായിരുന്നു.

രാജമല്ലി ചെടികൾക്കൊപ്പമാണ് കഞ്ചാവ് ചെടിയും നിന്നിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചിരുന്നില്ല. ആരെങ്കിലും മനഃപൂർവം ചെടി നട്ടുവളർത്തിയതാകാനാണ് സാധ്യതയെന്നാണ് എക്സൈസ് സംഘത്തിന്റെ വിലയിരുത്തൽ.