എൻജിനിൽ തീപിടിച്ചിട്ടില്ല, കാറിനുള്ളിൽ സിഗരറ്റ് ലാമ്പ്, തീ കത്തിയതെവിടെ നിന്നെന്ന് കണ്ടെത്താൻ ഫോറൻസിക് സംഘം, ദുരൂഹതയുണ്ടെന്ന് നിഗമനം

ആലപ്പുഴ : വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോലീസ്. പകട കാരണം ഷോർട്‌സർക്യൂട്ട് ആകാനുള്ള സാദ്ധ്യത കുറവാണെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. എന്നാൽ എഞ്ചിൻ ഭാഗത്ത് പ്രശ്‌നമില്ല. കാറിന്റെ ഫ്യൂസ് കത്തിപ്പോയിട്ടില്ല. എന്നാൽ കാറിനുള്ളിൽ നിന്നും ഒരു സിഗരറ്റ് ലാമ്പ് ലഭിച്ചിട്ടുണ്ട്.

ഇൻഹേലർ ഉപയോഗിക്കുന്ന ആളാണ് കൃഷ്‌ണപ്രകാശെന്ന് വ്യക്തമായിട്ടുണ്ടെന്ന് എം‌വി‌ഡി ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അപകടം ഉണ്ടാകാനുള്ള കൃത്യമായ കാരണം ഫോറൻസിക് പരിശോധന വഴി മാത്രമേ മനസിലാക്കാനാകൂ. വിദഗ്ദ്ധർ വാഹനം പരിശോധിക്കുകയാണെന്നും മോട്ടോ‌ർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു .

കഴിഞ്ഞ ദിവസം രാത്രി 12.45ഓടെയാണ് കണ്ടിയൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന കാരാഴ്‌മ കിണറ്റുംകാട്ടിൽ കൃഷ്‌ണപ്രകാശ് കാർ പൊട്ടിത്തെറിച്ച് മരിച്ചത്. തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി അണയ്‌ക്കാൻ ശ്രമിചെങ്കിലും ഫലമുണ്ടായില്ല. ഡോർ തുറക്കാൻ ആയതുമില്ല. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് തീയണച്ചത്.