കൊച്ചിയിൽ വാലറ്റ് പാര്‍ക്കിങ്ങിന് നല്‍കിയ കാറുമായി ജീവനക്കാരൻ കടന്നു ; പിന്നാലെ അപകടം

കാക്കനാട്: ഹോട്ടലില്‍ വാലറ്റ് പാര്‍ക്കിങ്ങിന് നല്‍കിയ കാറുമായി മുങ്ങിയ ജീവനക്കാരനെ പിടികൂടി. കാറില്‍ അമിതവേഗത്തില്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടതിന് പിന്നാലെയാണ് യുവാവിന് പിടിവീണത്. തൃക്കാക്കര വള്ളത്തോള്‍ നഗറിലെ റെസ്റ്റോറന്റിലെ സുരക്ഷാ ജീവനക്കാരനാണ് കസ്റ്റമറുടെ കാറുമായി കടന്നത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

വള്ളത്തോള്‍ നഗറിലെ ഹോട്ടലില്‍ ഇടക്കൊച്ചി സ്വദേശി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഹോട്ടലിലെ സുരക്ഷാ ജീവനക്കാരന്‍ കാര്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാമെന്ന് പറഞ്ഞ് താക്കോല്‍ വാങ്ങി. പിന്നീട് ഉടമ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നോക്കിയപ്പോഴാണ് സംഭവം മനസിലായത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.

പിന്നാലെ ഇതേ കാറിന് സമാനമായ വാഹനം ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന്‍ പരിധിയിലെ നിലംപതിഞ്ഞിമുകള്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടതായി വിവരം ലഭിച്ചു. അപകടത്തില്‍പ്പെട്ട ഡ്രൈവറെ കണ്ട് സംശയം തോന്നി സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെയ്ക്കുകയായിരുന്നു. പിന്നാലെ തൃക്കാക്കര സി.ഐ. ആര്‍. ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതിയെ അറസ്റ്റ്ചെയ്തു.