എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന് പരാതിയിൽ സംവിധായകൻ ഒമർ ലുലുവിനെതിരെ കേസ്

കോഴിക്കോട്. വെള്ളിയാഴ്ച റിലീസ് ചെയ്ത് നല്ല സമയം എന്ന മലയാളം സിനിമയുടെ സംവിധായകനെതിരെ അബ്കാരി കേസ്. സംവിധായകനായ ഒമര്‍ ലുലുവിനെതിരെയാണ് കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സുധാകരന്‍ കേസെടുത്തത്. സിനിമയുടെ ട്രെയിലറില്‍ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ്.

ഇര്‍ഷാദ് നായകനാകുന്ന സിനിമയില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയില്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.