വ്യാജരേഖ ചമച്ച കേസില്‍ വിദ്യയ്‌ക്കെതിരെ കേസ്, പിഎച്ച്ഡി പ്രവേശനത്തിലും തിരിമറി

കൊച്ചി. എസ്എഫ്‌ഐ നേതാവ് വിദ്യയ്‌ക്കെതിരെ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച സംഭവത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്തു. വിഷയത്തില്‍ മഹാരാജാസ് കോളേജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. രണ്ട് വര്‍ഷത്തെ വ്യാജ പ്രവര്‍ത്തിപരിചയ രേഖയാണ് വിദ്യ തയ്യാറാക്കിയത്. സംഭവത്തില്‍ അഭിമുഖ പാനലിലെ ചിലര്‍ക്ക് തോന്നിയ സംശയമാണ് സംഭവം പുറത്തുവരുവാന്‍ കാരണം.

അട്ടപ്പാടി സര്‍ക്കാര്‍ കോളേജിലെ അഭിമുഖ പാനലിലാണ് വ്യാജ രേഖ സമര്‍പ്പിച്ചത്. മഹാരാജാസ് കോളേജിന്റെ സീലും ലോഗോയും ഉണ്ടായിരുന്നു. തുടര്‍ന്ന് കോളേജില്‍ ബന്ധപ്പെട്ടപ്പോള്‍ ഇത് വ്യാജ രേഖയാണെന്ന് വ്യക്തമാകുകയായിരുന്നു. 2018- 19 വര്‍ഷത്തിലും 20-21 കാലയളവിലും മഹാരാജാസില്‍ ഗെസ്റ്റ് ലക്ചററായി ജോലി ചെയ്‌തെന്നാണ് രേഖയിലുള്ളത്. എന്നാല്‍ 10 വര്‍ഷമായി മലയാള വിഭാഗത്തിലേക്ക് ഗെസ്റ്റ് ലക്ചറര്‍മാരെ നിയമിച്ചിട്ടില്ലെന്നാണ് കോള്ജ് പറയുന്നത്. മുന്‍പ് കാസര്‍കോട് കോളേജിലും വിദ്യ ജോലി ചെയ്തിട്ടുണ്ട്.

കാസര്‍കോട് കരിന്തളം സര്‍ക്കാര്‍ ആര്‍ട്‌സ് സയന്‍സ് കോളേജിലും വിദ്യ ജോലി ചെയ്തിരുന്നു. ഇത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ അറിവോടെയാണെന്നാണ് വിവരം. 2016മുതല്‍ 18 വരെ എംഎ മലയാളം വിദ്യാര്‍ഥിയായിരുന്നു വിദ്യ മഹാരാജാസില്‍. അതേസമയം സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനം ലഭിച്ചതിലും ഉന്നത ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം. വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിന് മുന്‍കൈ എടുത്തത് ആര്‍ഷോയോ പിരാജീവോയാണെന്ന് കെഎസ് യു ആരോപിക്കുന്നു.