ട്രെയിനിലെ തീവെപ്പ് കേസ് പ്രതിയെ ഷൊർണൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

പാലക്കാട്. ട്രെയിനിലെ തീവെപ്പ് കേസ് പ്രതി ഷാറുഖ് സെയ്ഫിയെ തെളിവെടുപ്പിനായി ഷൊര്‍ണൂരിലെത്തിച്ചു. കനത്ത സുരക്ഷയിലാണ് പ്രതിയെ എത്തിച്ചിരിക്കുന്നത്. കേസില്‍ പെട്രോള്‍ പമ്പ് ജീവനക്കാരില്‍ നിന്ന് അടക്കം പോലീസ് തെളിവുകള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് പെട്രോള്‍ പമ്പില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കാണുവാന്‍ വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ച് കൂടിയത്.

പ്രതി ഷൊര്‍ണൂരില്‍ എത്തിയ ശേഷം 15 മണിക്കൂര്‍ ചെലവഴിച്ചിരുന്നു. ഇത്രയും സമയം പ്രതി എന്ത് ചെയ്തുവെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ആക്രമണത്തിന് ശേഷം പാളത്തില്‍ നിന്നും ലഭിച്ച ബാഗില്‍ ഭക്ഷണത്തിന്റെ പാത്രം കണ്ടെത്തിയിരുന്നു. ഇത് പ്രാദേശിക സഹായം പ്രതിക്ക് ലഭിച്ചുവെന്നതിന് സൂചനയായി പോലീസ് കരുതുന്നു. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ച് എട്ടാം ദിവസമാണ്.

തിരിച്ചറിയല്‍ പരേഡ് രാവിലെ നടത്തിയിരുന്നു. ട്രെയിനില്‍ ഷാറുഖ് സെയ്ഫിയെ കണ്ട മട്ടന്നൂര്‍ സ്വദേശികളെ പോലീസ് ക്യാംപില്‍ എത്തിച്ചായിരുന്നു തിരിച്ചറിയല്‍ പരേഡ്. പ്രത്യേക അന്വേഷണ സംഘം സാക്ഷികളുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി. അക്രമണത്തിന് ശേഷം പ്രതി വസ്ത്രം മാറിയെന്ന വിവരത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണ സമത്ത് പ്രതി ചുവന്ന ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്ന് സാക്ഷികള്‍ പറഞ്ഞിരുന്നു.