മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത കേസില്‍ ഭിന്ന വിധിയുമായി ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദുമാണ് കേസില്‍ വിധി പറഞ്ഞത്. ഇതില്‍ ഒരാള്‍ പരാതിയെ അനുകൂലിച്ചും ഒരാള്‍ ഭിന്നവിധിയുമാണ് പ്രഖ്യാപിച്ചത്. ഇതോടെ അന്തിമ വിധിക്കായി മൂന്ന് അംഗ ബെഞ്ചിലേക്ക് പരാതി മാറ്റുകയായിരുന്നു. ലോകായുക്തയും രണ്ട് ഉപലോകായുക്തയും അടങ്ങുന്ന ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.

ഇതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ ലോകായുക്ത അസാധാരണ വിധി പറഞ്ഞിരിക്കുകയാണ്. ലോകായുകതയിൽ ജനങ്ങൾക്ക് ഉണ്ടായിരുന്ന വിശ്വാസങ്ങൾക്ക് മുന്നിൽ ചോദ്യ ചിഹ്നം ഉയർത്തുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിധി. കേസില്‍ ലോകായുക്ത വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. വിധി എതിരായായാല്‍ മുഖ്യമന്ത്രി പദവി രാജിവയ്ക്കേണ്ടി വരുന്ന അവസ്ഥയിലാണ് വിധി പറയാൻ മൂന്നംഗ ബഞ്ചിനു നൽകുന്ന വിധി ഉണ്ടായിരിക്കുന്നത്.

ഹര്‍ജി ഫുള്‍ബെഞ്ചിന് വിട്ടത് പരാതി ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരുമോ എന്ന ലോകായുക്തയുടെയും ഉപ ലോകായുക്തയുടെയും ഇടയില്‍ ഉണ്ടായ ഭിന്നതയാണ്. പരാതിക്കാരിന്‍ ഹര്‍ജിയില്‍ ആരോപിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചും അഭിപ്രായ വിത്യാസം വന്നു. ഈ സാഹചര്യത്തിലാണ് ഫുള്‍ ബെഞ്ചിലേക്ക് ഹര്‍ജി വിടുവാന്‍ ലോകായുക്ത തീരുമാനിച്ചത്.

നിലവില്‍ കേസ് പരിഗണിച്ചത് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറുണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ്. ഇനി ലോകായുക്തയും രണ്ട് ഉപലോകായുക്തയും അടങ്ങിയ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ഫുള്‍ ബെഞ്ചില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീജും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫും അടങ്ങിയതാണ്. പുതിയ ബെഞ്ചിന് മുന്നില്‍ കേസ് വിശദമായി വീണ്ടുംവാദം കേള്‍ക്കും. പാറ്റൂര്‍ ഭൂമി ഇടപാട് കേസും ഫുള്‍ ബെഞ്ചിന് വിട്ടിരുന്നു.

വിധി വൈകിയപ്പോള്‍ ലോകായുക്തയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്ന കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്.ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധിയ്ക്ക് വേണ്ടി ലോകായുക്തയില്‍ തന്നെ അപേക്ഷ നല്‍കാനാണ് ശശികുമാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ശശികുമാര്‍ വീണ്ടും ലോകായുക്തയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതോടെയാണ് വെള്ളിയാഴ്ച ഈ പരാതി പരിഗണിക്കാന്‍ ലോകായുക്ത തീരുമാനിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയായിരുന്നു പരാതി. ഇവരിൽ ഇപ്പോൾ അധികാരസ്ഥാനത്തുള്ളതു മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. ഫെബ്രുവരി 5ന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെടുന്നത്.

മുഖ്യ മന്ത്രിയായ പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടായ ‘ദുർവിനിയോഗം’ ഇങ്ങനെ:
എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപ നൽകി. പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസി.എൻജിനീയർ ആയി ജോലി നൽകിയതിനു പുറമേ ഭാര്യയുടെ സ്വർണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപ നൽകി. കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്കു സർക്കാർ ഉദ്യോഗത്തിനു പുറമെ 20 ലക്ഷം രൂപ നൽകി.

ലോകായുക്തയിൽ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്നതാണ് ലോകായുക്തയുടെ 14–ാം വകുപ്പ്. ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിൽ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ പഴയ നിയമമാണ് നിലനിൽക്കുന്നത്.