എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം. എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. സ്ത്രീയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു, സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കോവളം പോലീസ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. യുവതിയുടെ മൊഴി കോവളം പോലീസ് രേഖപ്പെടുത്തി. മൊഴി എടുക്കുന്നതിനിടെ തളര്‍ന്ന് വീണ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം പരാതിയെക്കുറിച്ച് പ്രതികരിക്കുവാന്‍ എല്‍ദോസ് കുന്നപ്പിള്ളി തയ്യാറായിട്ടില്ല. പേട്ട സ്വദേശിയായ യുവതി സെപ്റ്റംബര്‍ 14ന് എംഎല്‍എ മര്‍ദ്ദിച്ചെന്ന് കാട്ടി പരാതി നല്‍കി. കേസ് പിന്‍വലിക്കുവാന്‍ കോവളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് യുവതി പറയുന്നു.

തുടര്‍ന്ന് കുറച്ച് ദിവസം യുവതിയെ കാണാതായതോടെ സുഹൃത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുര്‍ന്ന് കോടതിയില്‍ ഹാജരായ യുവതി ഒളിവില്‍ പോയതിന്റെ കാരണം വ്യക്തമാക്കി. തുടര്‍ന്ന് കേസിന്റെ നടപടികള്‍ സംബന്ധിച്ച് പോലീസിനോട് കോടതി തിരക്കി. എല്‍ദോസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് യുവതി പോലീസിന് മൊഴി നല്‍കി.