സെൻട്രൽ വിസ്ത: നിർമ്മാണം നിർത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

സെൻട്രൽ വിസ്ത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ. സെൻട്രൽ വിസ്ത പദ്ധതികളുടെ നിർമാണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പദ്ധതി നിർത്തിവയ്ക്കാനുള്ള മറ്റൊരു നീക്കമാണ് ഹർജിക്ക് പിന്നിലെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി. നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് ഹർജിക്കാരെന്നും കേന്ദ്രസർക്കാർ പറഞ്ഞു.

എഴുത്തുകാരനും വിവർത്തകനുമായ അന്യ മൽഹോത്ര, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരാണ് സെൻട്രൽ വിസ്തയ്‌ക്കെതിരെ കോടതിയിൽ ഹർജി നൽകിയത്. പ്രൊജക്ട് സൈറ്റിലെ തൊഴിലാളികളുടെ ദുരവസ്ഥയും കൊവിഡ് വ്യാപന ഭീഷണിയും ചൂണ്ടിക്കാണിച്ചാണ് ഹർജി.

അതേസമയം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തൊഴിലാളികൾ ജോലി ചെയ്യുന്നതെന്നാണ് സർക്കാർ വാദം. നാനൂറോളം തൊഴിലാളികളാണ് നിലവിൽ സൈറ്റിലുള്ളത്. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം, ലോക്ക്ഡൗൺ കാലത്ത് പ്രൊജക്ട് സൈറ്റിൽ താമസിച്ചുകൊണ്ട് തൊഴിൽ ചെയ്യാമെന്നാണ് സർക്കാരിന്റെ മറുപടി. അതേസമയം കേന്ദ്രസർക്കാർ രേഖാമൂലം സത്യവാങ്മൂലം നൽകാത്ത സാഹചര്യത്തിൽ വിഷയം ഇന്ന് വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.