ട്രെയിനിലെ തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജന്‍സികള്‍; ലക്ഷ്യമിട്ടത് വലിയ ആക്രമണം

തിരുവനന്തപുരം. ട്രെയിനിലെ തീവെപ്പ് കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജന്‍സികള്‍. കേസിലെ പ്രതി ഷാറുഖ് സെയ്ഫി കേരളത്തില്‍ എത്തിയത് ഒറ്റയ്ക്കല്ലെന്നും ഇയാളെ കേരളത്തില്‍ എത്തിച്ചതാണെന്നും കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. ദേശീയ അന്വേഷണ ഏജന്‍സികളായ എന്‍ഐഎയും ഐബിയുമാണ് എലത്തൂര്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്.

പ്രതി ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായും കത്തിക്കുവനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിലൂടെ വലിയ ആക്രമണമാണ് പ്രതി ലക്ഷ്യമിട്ടതെന്നും കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ട്രെയിനിലെ തീവെപ്പ് നടത്തുവാന്‍ ഷാറുഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നാണെന്ന് വിവരം. ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പിന്നീട് പ്രതി തീവെപ്പ് നടത്തിയ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കയറുകയായിരുന്നു. സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസിലാണ് ഷാറുഖ് കേരളത്തില്‍ എത്തിയത്. ഷാറൂഖ് മാര്‍ച്ച് 31നാണ് ഡല്‍ഹിയില്‍ നിന്ന് ഷൊര്‍ണൂരില്‍ എത്തിയതെന്നാണ് വിവരം.

പ്രതി ഷാരൂഖ് സെയ്ഫിക്ക് ഇംഗ്ലീഷ് ഭാഷ നന്നയി അറിയാമെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ നിന്നും മനസ്സിലാക്കി. ആക്രണത്തിന് ശേഷം ട്രെയിനില്‍ നിന്നും ചാടിയത് ഇരുന്നാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ചാടുമ്പോള്‍ അപകടം സംഭവിക്കാതിരിക്കുന്നതിനാണ് ഇരുന്ന് കൊണ്ട് ചാടിയത്. അതേസമയം പ്രതിയുടെ മാതാപിതാക്കള്‍ പറയുന്നത് ഷാരൂഖിന് പ്ലസ്ടൂ വിദ്യാഭ്യാസം മാത്രമേയുള്ളുവെന്നാണ്.