രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും അഫ്ഗാനിസ്താനിൽ നിന്ന് തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: അഫ്ഗാനിസ്താനില്‍ നിന്ന് മടങ്ങാൻ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനാ വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. എകദേശം മുപ്പതോളം മലയാളികള്‍ മടങ്ങിയെത്തിയതായാണ് സൂചന.

എന്നാല്‍ എല്ലാ മലയാളികളും മടങ്ങിയെത്തിയതായി ഉറപ്പ് പറയാന്‍ പറ്റില്ലെന്നാണ് നോര്‍ക്കയുടെ റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറയുന്നത്. വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ മലയാളികള്‍ അഫ്ഗാനില്‍ കുടുങ്ങിക്കിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോളിയോ വൈറസിനെതിരായ പ്രതിരോധ നടപടിയായി അഫ്ഗാനിസ്താനില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് സൗജന്യ പോളിയോ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പ്രതിരോധ കുത്തിവയ്പ്പിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.