ബൈക്കിലെത്തി മാലപൊട്ടിക്കൽ, ഹെഡ് കോൺസ്റ്റബിൾ പിടിയിൽ

പൊള്ളാച്ചി : മാലപൊട്ടിക്കൽ കേസിൽ തമിഴ്നാട് പൊലീസ് ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിലായി.ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല തട്ടിയെടുത്ത ശബരിഗിരിയാണു (41) പിടിയിലായത്.തട്ടിയെടുത്ത ഏഴര പവൻ സ്വർണാഭരണങ്ങൾ ഇയാളുടെ പക്കൽ നിന്നു കണ്ടെടുത്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ പൊള്ളാച്ചി ഓഫിസിലേക്കു മാറ്റം ലഭിച്ചതിനെ തുടർന്ന് ഇയാൾ ഒരാഴ്ച അവധിയിലായിരുന്നു.

ഇതിനിടെ മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ 4 പവൻ മാല, കോലാർപട്ടി ചുങ്കത്തിലെ ഹംസവേണിയുടെ 2 പവൻ മാല തുടങ്ങിയവ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരൻ കുടുങ്ങിയത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയായ ഉദ്യോഗസ്ഥനെ കുടുക്കിയത്. ശാന്തി തിയറ്ററിനു പിൻവശത്ത് ഓയിൽ കാനിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണാഭരണങ്ങൾ. പ്രതിയുടെ ഭാര്യയും പോലീസ് ഉദ്യോഗസ്ഥയാണ്.