ചാലക്കുടിയിലെ റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം; അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തൃശ്ശൂര്‍: ചാലക്കുടി ആനമലയിൽ റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം ഗുവാഹട്ടി സ്വദേശിയായ ബാറുൽ ഇസ്ലാം(25) ആണ് പിടിയിലായത്.

തിങ്കളാഴ്ചയാണ് ആനമല ജംക്ഷനു സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ കല്ലേറ്റുംകര സ്വദേശി സെയ്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിൽ തലയിൽ കല്ല് പോലുള്ള എന്തോ കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചതും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമെന്നാണ് വ്യക്തമായിരുന്നു.

മരിച്ച നിലയില്‍ സെയ്തിനെ കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് അധികൃതരും വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാറുൽ ഇസ്ലാം പിടിയിലായത്. ചോദ്യം ചെയ്യലിനുശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.