ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ജാർഖണ്ഡിന്റെ ഏഴാമത് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ (67) സത്യപ്രതിജ്ഞ ചെയ്‌തു. ഉച്ചയ്‌ക്ക് 12.15ഓടെ റാഞ്ചിയിലെ രാജ്‌ഭവൻ ദർബാർ ഹാളിൽ വച്ചായിരുന്നു സത്യാപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത ഹേമന്ത് സോറൻ ഇന്നലെ രാത്രി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെയാണ് ചംപൈ സോറൻ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ ചംപൈ സോറൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് പിന്നാലെയായിരുന്നു സത്യപ്രതിജ്ഞയുടെ വിവരം പുറത്തുവിട്ടത്.

എന്നാൽ 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ചംപൈ സോറനോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 43 എംഎൽഎമാർ ചംപൈ സോറനെ പിന്തുണക്കുന്നുണ്ട്. ഖനന അഴിമതിയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.