വിജയിയെ തേടി നടന്ന ലോട്ടറി വില്‍പനക്കാരന് തന്നെ ഒന്നാം സമ്മാനം, ചന്ദ്രന്റെ ജീവിതം മാറിമറിഞ്ഞതിങ്ങനെ

പാലാ: ലോട്ടറിയടിച്ച ഭാഗ്യവാനെ തേടി വില്‍പനക്കാരന്‍ നടന്നെങ്കിലും കണ്ടെത്തിയില്ല. ഒടുവില്‍ പരിശോധിച്ചപ്പോഴാണ് ആ ഭാഗ്യവാന്‍ താന്‍ തന്നെയെന്ന് വ്യക്തമായത്. ഭാഗ്യവാനെ തേടി നടന്ന ലോട്ടറി വില്‍പനക്കാരന് തന്നെ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചു. ലോട്ടറി വില്‍പനക്കാരന്‍ പൂഞ്ഞാര്‍ വെള്ളാപ്പള്ളില്‍ ചന്ദ്രനാ(54)ണ് ആ ഭാഗ്യശാലി. കഴിഞ്ഞ ദിവസം നറുക്കെടുത്ത നിര്‍മ്മല്‍ ലോട്ടറിയുടെ എന്‍.എന്‍. 227146 നമ്പറിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്.

പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എം.ജെ. പ്രശാന്തിന്റെ ഉടമസ്ഥതിയിലുള്ള ഭഗവതി ലക്കി സെന്ററില്‍ നിന്നായിരുന്നു ചന്ദ്രന്‍ ലോട്ടറി വാങ്ങി വില്‍പന നടത്തുന്നത്. ഒന്നാം സമ്മാനം ഇവിടെ നിന്നും പോയ ടിക്കറ്റിനാണെന്ന് വ്യക്തമായി. രണ്ട് ദിവസമായിട്ടും ആ ഭാഗ്യശാലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പാലായിലും പരിസര പ്രദേശത്തും നടന്ന് വില്‍പന നടത്തിയിരുന്ന ചന്ദ്രന്‍ കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഏതാനും ടിക്കറ്റുകള്‍ വില്‍ക്കാതെ വീട്ടിലേക്ക് മടങ്ങിയിരുന്നു.

ഈ ടിക്കറ്റുകള്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു. അടുത്ത ദിവസം പതിവു പോലെ ഭഗവതി ലക്കി സെന്ററിലെത്തി ലോട്ടറിയെടുത്തു. ഉച്ചയ്ക്ക് ശേഷം ഫലം വന്നപ്പോഴാണ് താന്‍ വിറ്റ ലോട്ടറിക്കാണ് സമ്മാനം എന്നറിഞ്ഞത്. തുടര്‍ന്ന് വിജയിയെ കണ്ടെത്താനുള്ള ശ്രമച്ചിലായിരുന്നു ചന്ദ്രന്‍. ഇതിനിടെയാണ് കുറച്ച് ടിക്കറ്റ് വീട്ടില്‍ ഇരിക്കുന്ന കാര്യം ഓര്‍മ വന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് കണ്ടെത്തിയത്.

ഏജന്റ് പ്രശാന്തിനെ അറിയിച്ച് ടിക്കറ്റ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഫെഡറല്‍ ബാങ്കിന്റെ പാലാ ശാഖയില്‍ നല്‍കി. 8 വര്‍ഷത്തോളമായി ലോട്ടറി വില്‍പന നടത്തിയാണ് ചന്ദ്രന്‍ കുടുംബം പുലര്‍ത്തുന്നത്. കൂലിപ്പണിക്കാരനായിരുന്നു. തോളെല്ലിന് അകല്‍ച്ച വന്നതോടെ ജോലിക്ക് പോകാനാവാതെ ലോട്ടറി വില്‍പ്പനയ്ക്ക് ഇറങ്ങുകയായിരുന്നു. ശ്രീദേവിയാണ് ഭാര്യ. മക്കളായ ശ്രീകാന്തും ശ്രീനാഥും വിദ്യാര്‍ത്ഥികളാണ്. 12 വര്‍ഷത്തോളമായി വാടക വീട്ടില്‍ താമസിക്കുന്ന ചന്ദ്രനും കുടുംബത്തിനും സ്വന്തമായി സ്ഥലം വാങ്ങി വീട് വയ്ക്കണമെന്നാണ് ആഗ്രഹം.