ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണപേടകമായ ‘ചന്ദ്രയാന്‍-2’ തിങ്കളാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നു പുലര്‍ച്ചെ 2.51-നാണ് വിക്ഷേപണം. ‘ബാഹുബലി’ എന്നു വിളിപ്പേരുള്ള ‘ജി.എസ്.എല്‍.വി. മാര്‍ക്ക്-3’ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ദൂരങ്ങള്‍ താണ്ടി റോവര്‍ സെപ്റ്റംബര്‍ 6ന് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും. ഞായറാഴ്ച മുതല്‍ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ ഇതിനായുള്ള ടെസ്റ്റുകള്‍ പുരോഗമിക്കുകയാണ്.

ജി.എസ്.എല്‍.വി. ശ്രേണിയില്‍ നൂതനസാങ്കേതികത ഉപയോഗിച്ച് വികസിപ്പിച്ച റോക്കറ്റാണിത്. ദൗത്യത്തിനായി ഇത് 3.84 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ചന്ദ്രയാന്‍-2 ദൗത്യത്തിന് ആയിരം കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. വിക്ഷേപണത്തിനു മാത്രം 200 കോടി രൂപയോളംവരും. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, ചാന്ദ്രപ്രതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍-2 പേടകം.

ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമായാണ് ചന്ദ്രയാന്‍-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ.

2008 ല്‍ ചന്ദ്രയാന്‍ എന്നറിയപ്പെടുന്ന ഐഎസ്ആര്‍ഒയുടെ ചന്ദ്രനിലേക്കുള്ള ദൗത്യം വിജയിക്കുക മാത്രമല്ല, ചന്ദ്ര ഉപരിതലത്തില്‍ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തിരുന്നു. ചന്ദ്രനിലെ ദക്ഷിണധ്രുവ മേഖല ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, പ്രദേശത്തെ സ്ഥിരമായി നിഴല്‍ വീണ ഇടങ്ങളില്‍ വെള്ളം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉത്തരധ്രുവവുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ ഈ ഉപരിതലത്തിന്റെ വലിയൊരു ഭാഗം നിഴലില്‍ നില്‍ക്കുകയാണ്.