ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, കേസില്‍ 160 സാക്ഷികളും 150 തൊണ്ടിമുതലുകളും

കൊല്ലം. ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ പിടിയിലായതിന്റെ 70-ാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ നവംബര്‍ 27നാണ് കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.

കുട്ടി സഹോദരനോടൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. കുട്ടിയെ സംഘം തട്ടിക്കൊണ്ട് പോയത്. സഹോദരന്‍ ചെറുത്തു നിന്നെങ്കിലും പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിക്കായി നാടാകെ തിരയുമ്പോള്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് വീട്ടിലേത്ത് കോള്‍ വന്നു. നാടകീയമായ മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയെ കൊല്ലം ആശ്രമം മൈതാനത്ത് നിന്നും കണ്ടെത്തി.

തുടര്‍ന്ന് പ്രതികളെ ഡിസംബര്‍ ഒന്നിന് തമിഴ്‌നാട്ടിലെ പുളിയറയില്‍ നിന്നും പോലീസ് പിടികൂടി. കടബാധ്യത തീര്‍ക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. ആയിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ 160 ഓളം സാക്ഷികളും 150 ഓളം തൊണ്ടി മുതലുകളും ഉണ്ട്.