പാഷാണം ഷാജി ഔട്ട് ചെമ്പില്‍ അശോകന്‍ ഇന്‍, അനില്‍കാന്ത് ഡിജിപി ആയതിന് പിന്നാലെ ട്രോള്‍ പൂരം

ഇന്നലെയാണ് സംസ്ഥാന പോലീസ് മേധാവിയായി അനില്‍ കാന്ത് ചുമതലയേറ്റത്. ഇതിന് തൊട്ടുപിന്നാലെ ചെമ്പില്‍ ആശോകനെ അപരനായികണ്ട് ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്മാര്‍. കാക്കി കുപ്പായമിട്ട് ചെമ്പില്‍ അശോകന്‍ സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളില്‍ നിറയുകയാണ്. സത്യത്തില്‍ ട്രോള്‍ കണ്ട് താന്‍ ഞെട്ടിയെന്നാണ് വിഷയത്തില്‍ ചെമ്പില്‍ അശോകന്റെ പ്രതികരണം.

നേരത്തെ ലോക്‌നാഥ് ബേഹ്‌റ ഡിജിപി ആയപ്പോള്‍ പാഷാണം ഷാജി ആയിരുന്നു ട്രോളുകളിലെ താരം. പാഷാണം ഷാജി ഏതാണ് ബെഹ്‌റ ഏതാണ് എന്ന് തിരിച്ചറിയാന്‍ ആയിരുന്നില്ല എന്നും അന്ന് അത് താന്‍ നന്നായി ആസ്വദിച്ചിരുന്നു എന്നുമാണ് ചെമ്പില്‍ അശോകന്‍ പറയുന്നത്. തന്റെ പേരിലെ ട്രോളുകള്‍ കണ്ടതിലെ ഞെട്ടല്‍ മാറിയില്ലെന്നും അദ്ദേഹം പറയുന്നു.

‘പാഷാണം ഷാജി ഏതാണ് ബെഹ്‌റ സര്‍ ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകണ്ട് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. ഇപ്പോള്‍ ഇതാ എനിക്ക് അപരനായി അനില്‍കാന്ത് സര്‍ വന്നിരിക്കുന്നു. ശരിക്കും വണ്ടര്‍അടിച്ചിരിക്കുകയാണ്. ഇത്രയും ഉയരങ്ങളില്‍ നില്‍ക്കുന്ന അനില്‍കാന്തുമായി എനിക്ക് രൂപസാദൃശ്യം ഉണ്ടെന്ന് പറയുമ്പോള്‍ അത്ഭുതമാണ്.’ ചെമ്പില്‍ അശോകന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

സിനിമാ വേഷങ്ങളില്‍ ഇതുവരെ ഡിജിപി ആയിട്ടില്ല, അനാര്‍ക്കലിയെന്ന ചിത്രത്തിലെ ഡിവൈഎസ്പി വേഷമാണ് ഏറ്റവും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റേതായി ചെയ്തിട്ടുള്ളതെന്നും ചെമ്പില്‍ അശോകന്‍ കൂട്ടിച്ചേര്‍ത്തു.