ഭരണഘടനാ ദിനത്തിൽ കേന്ദ്ര സർക്കാരിനെയും ഗവർണറെയും വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയ സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ വികസനത്തില്‍ കേന്ദ്ര സര്‍ക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ദിനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെയും ഗവര്‍ണറെയും വിമര്‍ശിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സമ്മര്‍ദത്തിലാക്കുവാന്‍ ഉയര്‍ന്ന ഭരണഘടനാ പദവികള്‍ വഹിക്കുന്നവരെ പോലും ഉപയോഗിക്കുന്നു.

രാജ്യത്തെ ഭരണഘടന അംഗീകരിക്കപ്പെട്ട് 73 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ, ഫെഡറല്‍ മൂല്യങ്ങള്‍ കനത്ത വെല്ലുവിളി നേരിടുകയാണെന്ന് മുഖ്യമന്ത്രി പറയുന്നു. പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയാണെന്നും തൊഴില്‍ എടുക്കുന്നവരുടെ അവകാശം കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മതനിരപേക്ഷ തത്വങ്ങള്‍ അട്ടിമറിക്കുകയാണ്. എതിര്‍പ്പ് ഭരണഘടനാ സംരക്ഷണത്തിന്റെ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു.